pp

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ മിനി സിവിൽ സ്റ്റേഷൻ വളപ്പ് മതിയായ സ്ഥല സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വിവിധ ആവശ്യങ്ങളുമായി ഇവിടെ എത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി. പ്രവൃത്തി ദിവസങ്ങളിൽ ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്നവരുടെയും വാഹനങ്ങൾ കോമ്പൗണ്ടിൽ നിറഞ്ഞാൽ പഞ്ചായത്ത് വക വാഹനം റോഡിൽ നിറുത്തിയിടേണ്ട അവസ്ഥയാണ്. 2005ൽ 20 സെന്റിൽ പണിത ഇരുനില മന്ദിരത്തിൽ (ലാറി ബേക്കർ മോഡൽ) അക്കാലത്ത് അവലംബിച്ച നിർമാണ ശൈലി പിന്നീട് ഓഫീസിനകത്തെ സ്ഥലപരിമിതിക്കും കാരണമായിട്ടുണ്ട്. ഇരുനില കെട്ടിടത്തിൽ ചില ഓഫീസുകൾ പ്രവർത്തിക്കുന്നത് പ്രായാധിക്യം ബാധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള വൃദ്ധജനങ്ങൾക്ക് പടികയറാൻ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന കൃഷി ഓഫീസ് ഒന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. പ്രായമേറിയ കർഷകർക്ക് പടികയറ്റം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. തൊഴിലുറപ്പ് കൈകാര്യം ചെയ്യുന്ന എം.ജി.എൻ ആർ.ഇ.ജി.എസ് ഓഫിസാകട്ടെ സ്ഥലസൗകര്യത്തിനു വേണ്ടി അടുത്തിടെ വികസിപ്പിച്ച രണ്ടാമത്തെ നിലയിലാണ് തുറന്നിരിക്കുന്നത്. ജനത്തിരക്ക് അനുഭവപ്പെടുന്ന ഇടവ വില്ലേജ് ഓഫീസ് താഴത്തെ നിലയിൽ പഞ്ചായത്ത് വക കുടുസുമുറിയിലാണ് പ്രവർത്തിക്കുന്നത്.

ഇടവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വില്ലേജ് ഓഫിസ് വക റവന്യു ഭൂമി കൂടി ഏറ്റെടുത്താണ് രണ്ടു പതിറ്റാണ്ടു മുൻപ് പഞ്ചായത്തിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കമിട്ടത്. വില്ലേജ് ഓഫീസിന് പ്രത്യേക സ്ഥലവും കെട്ടിടവും നൽകുമെന്ന അന്നത്തെ ഉറപ്പ് ഇതുവരെ പാലിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്തകാലത്ത് പഞ്ചായത്ത് വളപ്പിൽ കൃഷിഭവനുവേണ്ടി സ്റ്റോർറൂം നിർമ്മിക്കുന്നത് തടഞ്ഞ് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി.

പഞ്ചായത്ത് വില്ലേജ് ഓഫീസുകളും ഒന്നാം നിലയിൽ എൽ.എസ്.ജി.ഡി, കൃഷി, വി.ഇ.ഒ, കുടുംബശ്രീ ഓഫീസുകളും പ്രവർത്തിക്കുന്നു. മേൽക്കൂര പാകി വികസിപ്പിച്ച രണ്ടാം നിലയിലാണ് കോൺഫറൻസ് ഹാളിനും എം.ജി.എൻ.ആർ ഇ.ജി.എസ് (തൊഴിലുറപ്പ് പദ്ധതി), ഓഫീസിനുമായി വിനിയോഗിക്കുന്നത്. പുറമേ മറ്റൊരു ചെറിയ കെട്ടിടത്തിൽ ഹോമിയോപ്പതി ആശുപത്രിയും ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടങ്ങളിൽ എത്തുന്നവർക്ക് നിന്നുതിരിയാൻ പോലും ഇടമില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും, മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.