
നെടുമങ്ങാട്: രണ്ടു ദിവസമായി നെടുമങ്ങാട്ടെ ഹോട്ടലുകളിൽ നടക്കുന്ന റെയ്ഡ് തുടരുന്നതിനിടെ ആരോഗ്യവകുപ്പ് കണ്ടെടുക്കുന്നത് കിലോക്കണക്കിന് പഴകിയ ഭക്ഷ്യവസ്‌തുക്കൾ. സ്റ്റാർ ഹോട്ടലുകളും ബാർ ഹോട്ടലുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിശ്വസിക്കാൻ പോലും കഴിയാത്ത കാഴ്‌ചകൾ.
ഹോട്ടലുകളിൽ ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന പുഴുങ്ങിയ മുട്ട, പഴകിയ എണ്ണ, പഴയ ദോശ മാവ്, പഴകിയ ആഹാര സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു.കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ ഹോട്ടലുകൾ മാത്രം റെയ്ഡ് നടത്തിയതിൽ വ്യാപകപ്രതിഷേധമുയർന്നതിനെ തുടർന്നായിരുന്നു പരിശോധന വലിയ ഹോട്ടലുകളിലേക്ക് മാറ്റിയത്.
എസ്.യു.ടി കാന്റീനിൽ നിന്നും നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ, ഭക്ഷ്യവസ്തുക്കൾ, പഴകിയ എണ്ണ എന്നിവയും എസ്.യു.ടി ഹോസ്റ്റൽ മെസിൽ നിന്നും അഴുകിയ 25 കിലോ മത്സ്യം, പഴകിയ, എണ്ണ എന്നിവയും പിടികൂടി. വാളികോട് ജംഗ്ഷനിലെ കോട്ടൂരൻ എന്ന കട അധികൃതർ പൂട്ടിച്ചു. വൃത്തിഹീനമായ ചുറ്റുപാടിലായിരുന്നു കട പ്രവർത്തിച്ചത്. ഇതുകൂടാതെ മലിനജലം പൊതു ഓടയിലേക്കാണ് ഒഴുക്കിയിരുന്നത്. കച്ചേരി ജംഗ്ഷനിലെ കേരള ഹൗസിലെ മാർജിൻ ഫ്രീ കടയിൽ നിന്നും പലവ്യഞ്ജന സാധനം സൂക്ഷിക്കുന്ന സ്ഥലം വൃത്തിഹീനമായും തറ പൊട്ടിപ്പൊളിഞ്ഞ നിലയിലുമായിരുന്നു. ഇവിടെ എലിയെ കൊല്ലാനുള്ള വിഷം യാതൊരു മുൻകരുതലുമില്ലാതെ വച്ചിരുന്നതും കണ്ടെത്തി. പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.