
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ.പി സ്കൂൾ അദ്ധ്യാപകനും പോപ്പുലർ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റുമായ ബാവയാണ് അറസ്റ്റിലായത്. സഞ്ജിതിനെ കൊല്ലാൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്. കൊലപാതക ശേഷം ഒളിവിൽ പോയ ഇയാളെ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനിയും എട്ട് പേർ പിടിയിലാകാനുണ്ട്.
കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കടക്കം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. എന്നാൽ കേസ് സി.ബി.ഐക്ക് നൽകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. അതേസമയം, പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വ്യക്തമാക്കി.
നവംബർ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊളിക്കാൻ നൽകിയ കാറിന്റെ അവശിഷ്ടങ്ങൾ പിന്നീട് തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. കൊല്ലങ്കോട് നിന്ന് വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി.
അതേസമയം, എസ്.ഡി.പി.ഐ നേതാവ് സുബൈർ വധക്കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഗിരീഷ്, സുചിത്രൻ, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ സുബൈർ വധക്കേസിൽ അറസ്റ്റിലായവരുടെ
എണ്ണം ഒമ്പതായി. നേരത്തെ അറസ്റ്റിലായ മൂന്നുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സുബൈറിനെ വധിക്കാൻ നേരത്തെ രണ്ട് തവണ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ ഗൂഢാലോചന അടക്കം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.