road

നെയ്യാറ്റിൻകര: റോഡിലെ പലയിടത്തും ടാറിളകിത്തെറിച്ച് മെറ്റലെല്ലാം പൊട്ടിപ്പൊളിഞ്ഞ് നാശമായി. ദുരിതംപേറിയാണ് വാഹന - കാൽനടയാത്രക്കാർ കടന്നുപോകുന്നത്. വർഷങ്ങളായുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലെ യാത്ര കാരണം വാഹനങ്ങളും നശിച്ചു. പ്രതിഷേധം ശക്തം. പെരുങ്കടവിള പഞ്ചായത്തിലെ തത്തമല-ശങ്കരനാരായണപുരം ക്ഷേത്ര റോഡിനാണ് ഈ ദുരവസ്ഥ. മൂന്ന് പതിറ്റാണ്ടായി റോഡ് നവീകരണം നടന്നിട്ടില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും അസംബ്ലി തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും ആദ്യം റോഡ് നവീകരണമെന്ന വാഗ്ദാനം പ്രസംഗിച്ച് ഇറങ്ങുന്ന പ്രാദേശിക നേതാക്കളടക്കമുള്ളവർ പൊതുജനത്തിനെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടി വിജയിച്ച് പോയാൽ പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറേയില്ലായെന്ന് നാട്ടുകാർ. മാരായമുട്ടം-പെരുങ്കടവിള റോഡിൽ അയിരൂ‌രിൽ നിന്നുമുള്ള ഒന്നരകിലോമീറ്ററോളം ദൈ‌ർഘ്യമുളള റോഡിലാണ് കാൽനടയാത്ര പോലും ദുഃസഹമായ സ്ഥിതിയിലായിട്ടുള്ളത്.

4 മാസം മുൻപ് നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് പ്രധാന റോഡിൽ നിന്നുള്ള 300 മീറ്ററോളം ദൂരം ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ചെലവാക്കി ടാർ ചെയ്ത് നവീകരിച്ചിരുന്നു. എന്നാൽ ശേഷിക്കുന്ന ഭാഗത്തിന്റെ നവീകരണമാണ് ഇനിയും നടക്കാത്തത്. ഇനിയുള്ള റോഡിന്റെ ഭാഗമാണ് ഏറ്റവും അപകടകരമായ അവസ്ഥയിലായിട്ടുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിന്റെ മെറ്റലുകളെല്ലാം ഇളകിത്തെറിച്ച് റോഡ് മുഴുവൻ കുണ്ടും കുഴികളും രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനമടക്കമുള്ള യാത്രക്കാരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. റോഡിൽ ബാലൻസ് തെറ്റി ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. വാഹനങ്ങൾ കയറിയിറങ്ങി മെറ്റൽ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ച് വീഴുന്നതും പതിവാണ്.

പ്രധാന റോഡിലേക്കെത്താൻ സ്കൂൾകുട്ടികളടക്കം നിരവധി പേരാണ് ഈ റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. 300ഓളം വീട്ടുകാരാണ് ഈ റോഡിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ഇവ‌ർക്ക് പ്രധാന റോഡിലെത്താനുള്ള ഒരേയോരു റോഡും ഇത് മാത്രമാണ്. പ്രദേശത്തെ വീടുകളടക്കമുള്ളവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മെറ്റലും മറ്റ് സാധനസാമഗ്രികളും വലിയ ലോറികളിൽ കൊണ്ടുപോകുന്നത് ഈ റോഡ് വഴിയാണ്. ഇത്തരത്തിലുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്രകൂടി ചേർന്നതോടെ റോഡ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി.

മഴക്കാലം തുടങ്ങിയാൽ പിന്നെ പറയുകയും വേണ്ട. മഴ പെയ്യുമ്പോഴാണ് റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതം പിടിച്ചതായി തീരും. ആ സമയങ്ങളിൽ റോഡ് മുഴുവൻ വെള്ളക്കെട്ടിലാകും. ഇതോടെ വാഹനയാത്രയും അവതാളത്തിലാണ്. വെള്ളക്കെട്ട് കാരണം റോഡിലെ കുഴികൾ തിരിച്ചറിയാൻ കഴിയാത്തത് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറുന്നുണ്ട്. വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ കെട്ടിനിൽക്കുന്നത് റോഡ് കൂടുതൽ തകരുന്നതിനിടയാക്കുന്നുമുണ്ട്.