
തിരുവനന്തപുരം:മഹാകാല ഭൈരവ അഖാഡയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാകാളികാ യാഗത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ കാളികാജപം ആരംഭിച്ചു. ഇനിയുള്ള നാളുകളിൽ കാളീസ്തുതികളാൽ മുഖരിതമാണ് വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവ്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെ യാഗശാലയിലെ ചിത്രകൂടത്തിലൂടെ തീർത്ഥവല്ലിയിൽ കാളികാദേവിയെ കുടിയിരുത്തി. വൈകിട്ട് 5.30ന് മൂകാംബിക മുഖ്യതന്ത്രിയായ ഡോ.രാമചന്ദ്ര അഡിഗയെയും മറ്റ് ആചാര്യൻമാരെയും യാഗശാലയിലേക്ക് പൂർണകുംഭം നൽകി ആദരിച്ചു. ഡോ.രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിലാണ് കാളികാജപം ആരംഭിച്ചത്. പൗർണമിക്കാവിലെ യാഗശാലയിൽ ഒരേസമയം എട്ട് കുണ്ഠങ്ങളിൽ യാഗം നടക്കുന്നത് അപൂർവ കാഴ്ചയാണ്. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും മഹാകാളികായാഗം കാണാൻ ജനങ്ങളെത്തി. അഘോരി സന്യാസിമാരെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് പലരും തിരക്കുകൂട്ടുന്നത്.
ഇന്നത്തെ പൂജ
രാവിലെ 8 മണി മുതൽ പുണ്യാഹം, ഗണപതിഹോമം, കലശപൂജ, കാളികായാഗം ആരംഭം, ശതസഹസ്ര കാളികാ ഹവനം ആരംഭം. 11ന് മഹായാഗദേവതാ പൂർണാഭിഷേകം, മഹായാഗദേവതാ അലങ്കാര ആരതി, പൂർണാഹുതി, ശതസഹസ്രകാളികാ ഹവനത്തിൽ ദേവിക്ക് വസ്ത്ര സമർപ്പണം. 12.30ന് മഹാമംഗളാരതി പ്രസാദവിതരണം. വൈകിട്ട് 4ന് ശതസഹസ്രകാളികാഹവനം പുനർ അനുഷ്ഠാനം, കാളികാജപം. 6.30ന് ശതസഹസ്രകാളികാ ഹവനത്തിൽ ആരതി, ഏകാദശരുദ്ര ഹവനത്തിൽ ആരതി. 8ന് അഷ്ടഅവധാൻ സേവ.