
പ്രാർത്ഥനാനിർഭരമായി ദിവ്യപൂജാസമർപ്പണം
പോത്തൻകോട്: ഭക്തിയുടെയും പ്രാർത്ഥനയുടെയും നിറവിൽ 23ാമത് നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ദിവ്യപൂജാസമർപ്പണം നടന്നു. ആശ്രമ സ്ഥാപക ഗുരു ആദിസങ്കൽപ്പത്തിൽ (ദേഹവിയോഗം) ലയിച്ചത് മേയ് ആറിനാണെങ്കിലും 7ന് അഞ്ച് മണിയുടെ ആരാധനയോടുകൂടിയാണ് ഭൗതികശരീരം പർണശാലയിൽ അടക്കം ചെയ്തത്. ഇത് ദിവ്യപൂഷമമസമർപ്പണമായി ശാന്തിഗിരി പരമ്പര ആചരിക്കുന്നു. എല്ലാ വർഷവും നവഒലി ജ്യോതിർദിനാഘോഷങ്ങൾ അവസാനിക്കുന്നത് ദിവ്യപൂജ സമർപ്പണത്തോടെയാണ്. ദിവ്യപൂജാസമർപ്പണത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 5ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയുടേയും പ്രസിഡന്റ് സ്വാമി ചൈതന്യ
ജ്ഞാനതപസ്വിയുടേയും നേതൃത്വത്തിലുള്ള സന്യാസി സംഘം ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. സന്യാസി - സന്യാസിനിമാരുടെ നേതൃത്വത്തിൽ പർണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി നടന്നു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ഗുരുഭക്തർ അഖണ്ഡനാമ മന്ത്രോച്ചാരണത്തോടെ ചടങ്ങുകളിൽ പങ്കെടുത്തു.