വെള്ളറട: കാമുകിയുമൊത്ത് ഒളിച്ചോടിയ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ യുവാവും കാമുകിയും റിമാൻഡിൽ. വെള്ളറട കാരമൂട് കരിമരം കോളനിയിലെ സത്യമനു എന്ന് വിളിക്കുന്ന മനുവും (31) കിളിയൂർ സ്വദേശിനിയും സ്വകാര്യ ആശുപത്രിയിലെ എക്സ്റേ ടെക്‌നീഷ്യനുമായ പ്രമീള (21) യുമാണ് ഒളിച്ചോടിയത്. യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം യുവതിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ കരിമരം കോളനിയിലെ മനുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ ജ്യോതിഷയും പരാതി നൽകി. രണ്ടു പരാതികളിലും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞിരംകുളത്തുനിന്നും മനുവിനോടൊപ്പം യുവതിയെയും കണ്ടെത്തിയത്. മനുവിന്റെ ഭാര്യയുടെ പരാതിയെ തുടർന്ന് ഏഴും അഞ്ചും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകിയോടൊപ്പം പോയതിന് ജെ ജെ ആക്ട് പ്രകാരം കേസെടുത്ത പൊലീസ് ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.