1

കുളത്തൂർ : പൊലീസല്ല, പട്ടാളം ഇറങ്ങിയാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. സമരം ജനങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 'കെ.റെയിൽ വേഗതയല്ലിത്,വേദനമാത്രം' എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സിയുടെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമരയാത്ര കഴക്കൂട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാംസ്‌കാരിക ജാഥ നയിക്കുന്ന സാംസ്‌കാരിക സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി.പ്രസിഡന്റ് പതാക കൈമാറി. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, ജാഥാ വൈസ് ക്യാപ്ടൻ എൻ.വി പ്രദീപ്കുമാർ, എം.എ. വാഹിദ്, വി.ആർ. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.