തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേള 15 മുതൽ 22 വരെ കനക്കുന്നിൽ നടക്കും. 15ന് വൈകിട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. ജില്ലയിൽനിന്നുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ എന്നിവ മേളയുടെ മാറ്റുകൂട്ടും.സർക്കാർ വകുപ്പുകളിൽനിന്നുള്ള വിവിധ സേവനങ്ങൾ സൗജന്യമായി മേളയിൽ ലഭിക്കും. പൊതുജനങ്ങൾക്കു രാവിലെ 10 മുതൽ രാത്രി 10 വരെ പ്രദർശന നഗരിയിലെത്താം.
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും സേവനങ്ങളും കേരളത്തിന്റെ വികസന ചരിത്രവും ഉൾപ്പെടുത്തിയ തീം സ്റ്റാളുകൾ മേളയുടെ പ്രധാന ആകർഷണമാകും. ആധാർ കാർഡിനുള്ള അപേക്ഷ സ്വീകരിക്കൽ, തിരുത്തൽ, കുട്ടികൾക്കുള്ള ആധാർ രജിസ്‌ട്രേഷൻ, റേഷൻ കാർഡ് സേവനങ്ങൾ, പുരപ്പുറ സൗരോർജ്ജ പദ്ധതി രജിസ്‌ട്രേഷൻ, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേരുചേർക്കൽ, യുണീക്ക് ഹെൽത്ത് ഐ.ഡി രജിസ്‌ട്രേഷൻ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തൽ, മൊബൈൽ യൂണിറ്റ് വഴി മണ്ണ് പരിശോധന, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ യൂണിറ്റിൽ വെള്ളം, പാൽ, ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണമേന്മ പരിശോധിക്കാനുള്ള അവസരം എന്നിവ മേളയിലുണ്ടാകും.
ദിവസവും വൈകിട്ട് ഏഴ് മുതൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അരങ്ങേറും. 15ന് ഊരാളി ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടി അരങ്ങേറും. 16 ന് കൊല്ലം ശാസ്താംകോട്ട കനൽ മ്യൂസിക് ബാൻഡിന്റെ നാടൻപാട്ടും തുടർന്ന് കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയുടെ ദൃശ്യ - ശ്രവ്യ പരിപാടിയായ സർഗകേരളവും ഉണ്ടാകും. 17ന് സൂഫി ഗായകനായ സമീർ ബിൻസിയുടെ സൂഫി സംഗീത പരിപാടി നടക്കും. 18ന് തൃശൂർ ആട്ടം കലാസമിതി ഒരുക്കുന്ന ഫ്യൂഷൻ സംഗീതം.19ന് തിരുവനന്തപുരം നാട്യവേദ കോളേജ് ഒഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന കഥക്, ഭരതനാട്യം, മോഹിനിയാട്ടം. 20ന് സംഗീത സംവിധായകൻ ഗോപിസുന്ദറും സംഘവും നയിക്കുന്ന സംഗീത പരിപാടി. 21ന് മലയാളിയുടെ പ്രിയ കവി ഒ.എൻ.വിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി 'ഓർമകളിൽ ഒ.എൻ.വി' എന്ന പരിപാടിയും അരങ്ങേറും. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടിയുടെ സംസ്ഥാനതല സമാപന സമ്മേളനം 20ന് നടക്കും.
മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.