കല്ലമ്പലം: ടിക്കറ്റെടുക്കാൻ ഒരു രൂപ കുറവായതിനാൽ യാത്രക്കാരനെ സ്വകാര്യ ബസിലെ ജീവനക്കാർ പൊതിരെ തല്ലിയ ശേഷം ബസിൽ നിന്ന് ഇറക്കിവിട്ടു. കല്ലമ്പലം പുല്ലൂർമുക്ക് ഷിബിനാ മൻസിലിൽ പരേതനായ അബ്ദുൾറഷീദിന്റെയും റൈഹാനത്ത് ബീവിയുടെയും മകൻ ഷിറാസി (39) നാണ് ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലി ചെയ്ത ശമ്പളം വാങ്ങാനായി തിരുവനന്തപുരം പേരൂർക്കടയിലെത്തി കരാറുകാരനെ കാണാൻ കഴിയാതെ സ്വകാര്യ ബസിൽ കയറി പാളയത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

കുറവുള്ള ഒരു രൂപ അടുത്തിരുന്ന ഒരു യാത്രക്കാരൻ നൽകാമെന്ന് പറഞ്ഞിട്ടും മർദ്ദനം നിറുത്തിയില്ല. മർദ്ദിച്ച ശേഷം ഷിറാസിനെ അമ്പലമുക്കിൽ ഇറക്കിവിട്ടു. ബാക്കി ചില്ലറ നിങ്ങൾ യാത്രക്കാർക്ക് നൽകാറില്ലല്ലോ എന്ന് ഷിറാസ് പറഞ്ഞതാണ്‌ പ്രകോപനത്തിന് കാരണം. സംഭവം കണ്ട് മറ്റു യാത്രക്കാർ പ്രതികരിച്ചെങ്കിലും കണ്ടക്ടറും ക്ലീനറും മർദ്ദനം തുടർന്നു. മറ്റൊരു ബസിൽ ഷിറാസ് നാട്ടിലെത്തിയെങ്കിലും അവശനിലയിലായിരുന്നു. അസുഖബാധിതരായ പ്രായമായ ഉമ്മയും സഹോദരിയും ഷിറാസിന്റെ തണലിലാണ് കഴിയുന്നത്‌.