തിരുവനന്തപുരം: ജില്ലയെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആവിഷ്‌കരിച്ച ഓപ്പറേഷൻ ജലധാര പദ്ധതി 15ന് മുൻപ് പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും കളക്ടറുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ പ്രധാന നദികളായ നെയ്യാർ, കരമന, കിള്ളി, വാമനപുരം, മാമം നദികളിലും അവയുടെ പോഷകനദികളിലും അടിഞ്ഞ് കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതാണ് പദ്ധതി. ഈ നദികളിലെ 94 സ്ഥലങ്ങളിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാലവർഷത്തിന് മുന്നോടിയായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. ഓരോ നദിയുടെയും സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജലസേചന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ നേതൃത്വം നൽകും. പഞ്ചായത്തുകളുടെ സഹായത്തോടെ തൊഴിലുറപ്പ് പ്രവർത്തകർ വിവിധ മെഷീനുകൾ ഉപയോഗിച്ചാണ് നദികൾ ശുചീകരിക്കുന്നത്. യോഗത്തിൽ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ വിനീത് ടി.കെ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.