
പോത്തൻകോട് : ലക്ഷ്മിവിലാസം സ്‌കൂളിൽ നടക്കുന്ന കേരള ഗെയിംസിന്റെ ഭാഗമായുള്ള നെറ്റ് ബാൾ മത്സരങ്ങൾ വർണ്ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ചു. ഇന്റർനാഷണൽ ബോക്സർ കെ.സി.ലേഖ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ, കേരള ഒളിമ്പിക് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് റാണിമോഹൻ ദാസ്, നെറ്റ് ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്.നജുമുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പോത്തൻകോട് ജെ.കെ. ആഡിറ്റോറിയത്തിൽ നിന്നാരംഭിച്ച വർണ്ണശബളമായ ഘോഷയാത്രയിൽ 14 ജില്ലകളിൽ നിന്നുള്ള 28 പുരുഷ - വനിതാ ടീം അംഗങ്ങളുടെ മാർച്ച്പാസ്റ്റുണ്ടായിരുന്നു. കരാട്ടെ,കളരിപ്പയറ്റ് തുടങ്ങിയ കായിക ഇനങ്ങൾ, തെയ്യം തേരുവിളക്ക്, എൻ.സി.സി.എസ്.പി.സി, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻറ് ഗൈഡ്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികളും അണിനിരന്നു. വിവിധ നൃത്ത രൂപങ്ങൾ,റോളർ സ്‌കേറ്റിംഗ്, മുത്തുക്കുട ഏന്തിയ കുടുംബശ്രീ അംഗങ്ങൾ,സമീപ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ, പ്രദേശത്തെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു.
ഇന്നലെ നടന്ന കോഴിക്കോട്,കാസർഗോഡ് വനിതാ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ കോഴിക്കോട് വിജയിച്ചു.തുടർന്ന് കാസർഗോഡും കോട്ടയവും തമ്മിലുള്ള പുരുഷ ടീം മത്സരത്തിൽ കോട്ടയവും കൊല്ലം- മലപ്പുറം വനിതാ ടീം മത്സരത്തിൽ മലപ്പുറവും വിജയികളായി.രാത്രിയും പകലുമായി നടക്കുന്ന മത്സരങ്ങൾ നാളെ സമാപിക്കും.