തിരുവനന്തപുരം: മദ്യപസംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൂന്തുറ എസ്.ഐ വിമലിന് പരിക്കേറ്റു. വിവിധ കേസുകളിൽ പ്രതിയായ മുട്ടത്തറ വടുവത്ത് താമസിക്കുന്ന ഉണ്ണി (30)യെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുട്ടത്തറയിലാണ് സംഭവം. ഉണ്ണിയും സംഘവും മദ്യപിച്ചു ശല്യമുണ്ടാക്കിയതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ ആദ്യം വിരട്ടി ഓടിച്ചു. ഇതിനിടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഉണ്ണി വീട്ടിൽ നിന്ന് വാളെടുത്തു കൊണ്ടുവന്ന് എസ്.ഐക്കുനേരെ വീശി. വെട്ടേൽക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും വിമലിന്റെ കൈത്തണ്ടയ്‌ക്ക് പരിക്കേറ്റു. പിന്നീട് ഉണ്ണിയെ പൊലീസ് സംഘം കീഴ്‌പ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്‌.ഐ വിമലിനെ പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു.