
കാട്ടാക്കട: വേനൽക്കാലത്ത് ഒരു പ്രദേശത്തിന്റെയാകെ ദാഹമകറ്റിയിരുന്ന ജലശ്രോതസ് ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും കുളം ഇപ്പോഴും നാശത്തിന്റെ വക്കിൽതന്നെയാണ്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കിള്ളി ചിറയ്ക്കാണ് ഇൗ ദുർഗതി. നവീകരണം നടത്തി ഏറെ താമസിയാതെതന്നെ കുളം നശിക്കാൻ തുടങ്ങി.
കിള്ളി ജംഗ്ഷന് സമീപത്താണ് ചിറ സ്ഥിതിചെയ്യുന്നത്. വേനൽക്കാലത്ത് കിള്ളി പ്രദേശികൾക്ക് ഗുണമായിരുന്നതും ഈ ചിറയാണ്. ഒരിക്കലും വെള്ളം വറ്റാത്ത ചിറയുടെ ഗുണഭോക്താക്കളാണ് കിള്ളി നിവാസികൾ. വേനൽക്കാലത്ത് പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെ കിണറുകളിൽ കുടിവെള്ള നിരപ്പ് താഴ്ന്ന് ഏറെ ബുദ്ധിമുട്ടുമ്പോഴും ഈ പ്രദേശത്തുകാർക്ക് ദാഹജലത്തിന് അലയേണ്ടി വന്നിട്ടില്ല. കാലാകാലങ്ങളിൽ കാട്ടാക്കട പഞ്ചായത്ത് കുളം വൃത്തിയാക്കിയിരുന്നു. ഈ കുളമാണിപ്പോൾ നാശത്തിന്റെ വക്കിലായിരിക്കുന്നത്.
കുളം നവീകരിച്ച് ഏറെ താമസിയാതെതന്നെ കുളം നശിക്കാൻ തുടങ്ങിയതോടെ നിർമ്മാണത്തിലെ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മുതൽ മുഖ്യമന്ത്രിവരെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടും ഇതുവരെ ഒരന്വേഷണവും നടന്നിട്ടില്ല. ലക്ഷങ്ങൾ മുടക്കി നവീകരിച്ച ശേഷം സംരക്ഷണമില്ലാതെ ചിറ പായലും മാലിന്യവും കയറികിടക്കുകയാണ്. 50 സെന്റോളം വിസ്തൃതിയുള്ള കുളമാണിപ്പോൾ ചെളിയും പായലും നിറഞ്ഞ് നശിക്കുന്നത്. ലക്ഷങ്ങൾ മുടക്കിയ കുളം പുനഃർനിർമ്മാണം നടത്തിയതിനുശേഷമാണ് അധികൃതർ ഉപേക്ഷിച്ചത്.
ചിറയിലേക്ക് വലിയതോതിൽ മാലിന്യം എത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യം, രാസലായനികൾ ഉൾപ്പെടെയുള്ളവ ചിറയിലേക്ക് ഒഴുകിയെത്തിയതോടെ കുളത്തിലെ മത്സ്യങ്ങളും ജലജീവികളും ചത്തുപൊങ്ങി. ഇതോടെ നാട്ടുകാർ വീണ്ടും അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കിള്ളി ചിറ നവീകരണ പദ്ധതിയെ കുറിച്ചും നിർമ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.