
കല്ലമ്പലം : നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ റെയിലിന്റെ പേരിൽ കോൺഗ്രസ് വ്യാജ പ്രചരണം നടത്തുന്നതായും ഇത് വോട്ട് തട്ടാനാണെന്നും സി.പി.എം . കെ- റെയിൽ പദ്ധതിയുടെ അലൈൻമെന്റ് കടന്നുപോകുന്ന പ്രദേശമാണ് മരുതിക്കുന്ന് വാർഡ്. പ്രദേശത്തെ ഒരു മുസ്ലിം പള്ളിയും, ക്രിസ്ത്യൻ ദേവാലയവും പൊളിച്ചുനീക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി .ഡി .സതീശനും മറ്റ് യു.ഡി.എഫ് നേതാക്കളും പ്രചരിപ്പിച്ചത്. എന്നാൽ ,ഈ രണ്ട് പള്ളികളെയും കെ -റെയിൽ ലൈൻ ബാധിക്കുന്നില്ലെന്നും ,നാൽപത് മീറ്റർ ആഴത്തിലുള്ള തുരങ്കപാതയിലൂടെയാണ് ഇവിടെ കെ റെയിൽ കടന്നുപോകുന്നതെന്നും സി.പി.എം നേതാക്കൾ പൊതുയോഗത്തിൽ വെളിപ്പെടുത്തി. പൊതുയോഗം സി.പി .എം നേതാവ് നാസർ കോളായി ഉദ്ഘാടനം ചെയ്തു. മുല്ലനെല്ലർ ശിവദാസൻ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം വി .ജോയി എം.എൽ.എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബി .പി .മുരളി, ആർ .രാമു, ജില്ലാകമ്മിറ്റിയംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ഇ .ജലാൽ തുടങ്ങിയവർ സംസാരിച്ചു, എസ് .സുധീർ സ്വാഗതവും സ്ഥാനാർത്ഥി സവാദ് നന്ദിയും പറഞ്ഞു