
പൂവാർ: മെഡിക്കൽ കോളേജ് ആശുപത്രിയീൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ 'ഇല്ലാത്ത പോസ്റ്റുമോർട്ടം റിപ്പോർട്ട് 'ആവശ്യപ്പെട്ട് ഇൻഷ്വറൻസ് തുക തടയുന്നതായി പരാതി. കരുംകുളം കല്ല്മുക്ക് പാലോട്ടുവിള റെഡിസ (46)ന്റെ കുടുംബത്തിനാണ് ഈ ദുർഗ്ഗതി.
2020 ആഗസ്റ്റ് മൂന്നിനാണ് കരുംകുളത്തുനിന്നു റെഡിസനടക്കം 14 പേരടങ്ങുന്ന സംഘം കടലിൽ പോയത്. തിരയിൽപ്പെട്ട് വള്ളം വയറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ റെഡിസനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം കൂടുതൽ ചികിൽസയ്ക്കായി തിരു. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിറ്റേന്നുതന്നെ അടിയന്തര ശസ്ത്രക്രീയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയക്ക് മുമ്പ് നടത്തിയ പരിശോധനയിൽ , റെഡിസന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാല് ദിവസത്തിനുള്ളിൽ റെഡിസൺ മരണമടഞ്ഞു. ഇൻഷ്വറൻസ് തുകയ്ക്കായി പൂവാർ ക്ഷേമനിധി ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും ഇൻഷ്വറൻസ് കമ്പിനി പോസ്റ്റുമോർട്ടം റിപ്പോർട്ടാവശ്യപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ അധികൃതർ നൽക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മന്ത്രിമാരായ സജി ചെറിയാൻ, ആന്റണിരാജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 10 ദിവസത്തിനകം തുക അനുവദിക്കാമെന്ന് ഇൻഷ്വറൻസ് അധികൃതർ ഉറപ്പ് നൽകിയെങ്കിലും നടന്നില്ല. ഇല്ലാത്ത പോസ്റ്റുമോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് തുക നിഷേധിക്കുന്ന ഇൻഷ്വറൻസ് അധികൃതരുടെ നിലപാടിന് മുന്നിൽ പകച്ചുനിൽക്കുകയാണ് റെഡിസന്റെ ഭാര്യ റാണിയും മൂന്നുമക്കളും .