
തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കിയതിൽ മനംനൊന്ത് 14കാരി ജീവനൊടുക്കി. കരമന നെടുങ്കാട് തീമങ്കരിക്കുഴിയിൽ പുത്തൻവീട്ടിൽ പരേതനായ പ്രവീണിന്റെയും ഗോപികയുടെയും മകളും തൊടുപുഴ കദളിക്കാട് വിമലമാതാ എച്ച്.എസ്.എസിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയുമായ പി. ദേവികയാണ് വീട്ടിൽ ആത്മഹത്യ ചെയ്‌തത്. ശനിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം.
ഒരു വർഷം മുമ്പാണ് ദേവികയുടെ അച്‌ഛൻ പ്രവീൺ അസുഖം ബാധിച്ച് മരിച്ചത്. തുടർന്ന് ദേവികയാണ് അച്‌ഛന്റെ ഫോൺ ഉപയോഗിച്ചിരുന്നത്. ഫോൺ കൂടുതൽ ഉപയോഗിക്കുന്നതിന് സ്വകാര്യ ഇവന്റ് മാനേജ്മെന്റിലെ ജീവനക്കാരിയായ അമ്മ ഗോപിക ശകാരിച്ചിരുന്നു. സംഭവദിവസം ഉച്ചയ്‌ക്ക് ദേവികയുടെ ഫോൺ വാങ്ങിവച്ച ശേഷം ഇനി ഫോൺ തരില്ലെന്നും പോയി പഠിക്കാനും അമ്മ പറഞ്ഞിരുന്നുവത്രെ. തുടർന്ന് തൊട്ടടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ പോയി ദേവിക സങ്കടം പറഞ്ഞിരുന്നു. അമ്മ ഫോൺ തരുന്നില്ലെന്നും താൻ മരിക്കുമെന്നും പറഞ്ഞെങ്കിലും അങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല.
വൈകിട്ട് 7.30ന് അമ്മ മകളെ കാണാത്തതിനെ തുടർന്ന് മുറിയിൽ നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കരമനയിലുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഠിത്തത്തിൽ മിടുക്കിയായിരുന്ന ദേവിക സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു. വൈഗയാണ് സഹോദരി. ഗോപികയുടെ അമ്മ ശോഭയും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. സംസ്‌കാരം നടന്നു.