
തിരുവനന്തപുരം: മുട്ടട ജംഗ്‌ഷന് സമീപം അമിതവേഗതയിൽ വന്ന കാർ നിയന്ത്രണംവിട്ട് രണ്ട് വൈദ്യുതി പോസ്റ്റുകളിലിടിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പ്രകാശ് എന്നയാൾ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആദ്യത്തെ പോസ്റ്റ് ഇടിച്ചുമറിച്ചശേഷം അടുത്ത പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റുകളൊടിഞ്ഞ് ലൈനുകൾ റോഡിലേക്ക് വീണതിനെ തുടർന്ന് പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ആൾത്തിരക്ക് ഇല്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. പ്രദേശത്ത് പന്ത്രണ്ട് മണിക്കൂറോളം വൈദ്യുതി ബന്ധം നിലച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. കെ.എസ്.ഇ.ബി പരാതി നൽകുന്നതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുമെന്നും മേൽ നടപടികൾ സ്വീകരിക്കുമെന്നും മണ്ണന്തല പൊലീസ് അറിയിച്ചു.