
തിരുവനന്തപുരം: സൗഹൃദങ്ങൾ ജീവിതത്തിന്റെ മുതൽക്കൂട്ടാണെന്നും അവധിക്കാല ക്യാമ്പുകളിലെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കേണ്ടവയാണെന്നും എം. മുകേഷ് എം.എൽ.എ പറഞ്ഞു. കുട്ടികൾക്കായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച 'വിജ്ഞാനവേനൽ അവധിക്കാല കൂട്ടായ്‌മ'യിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തന്റെ ജീവിതാനുഭവങ്ങളും ചെറിയ ഗുണപാഠ കഥകളും പങ്കുവച്ച അദ്ദേഹം കുട്ടികൾക്ക് മിഠായി വിതരണം ചെയ്‌തും അവരോടൊപ്പം സെൽഫിയെടുത്തതിനും ശേഷമാണ് മടങ്ങിയത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
ഗണിത വിദഗ്ദ്ധനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരൻ, എൻ.എ.ഐ.ടി.ഇ.ആർ ഡയറക്ടർ സുജിത് എഡ്വിൻ പെരേര, കവി ഗിരീഷ് പുലിയൂർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകളെടുത്തു. വൈകിട്ട് മൈമേഴ്‌സ് ട്രിവാൻഡ്രം അവതരിപ്പിച്ച ' മാൻ വിത്തൗട്ട് വിമെൻ' എന്ന മൂകനാടകവും ഉണ്ടായിരുന്നു.