വെഞ്ഞാറമൂട്: നിർമ്മാണ സാമഗ്രികൾക്ക് വീണ്ടും വില കൂടിയതോടെ വീട് നിർമ്മാണം അടക്കമുള്ളവയ്ക്ക് ചെലവേറും. സാധാരണക്കാരുടെ ബഡ്ജറ്റിനെ തകിടം മറിക്കും വിധത്തിലാണ് വിലക്കയറ്റം. ലോക്ക് ഡൗണിന് ശേഷം ഉത്പന്നങ്ങൾക്ക് ക്രമാതീതമായി വില വർദ്ധിച്ചെങ്കിലും പിന്നീട് വിലയിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നു.എന്നാൽ ഫെബ്രുവരി ആദ്യവാരം മുതൽ ഉത്പന്നങ്ങൾക്ക് വീണ്ടും വില വർദ്ധിക്കുകയായിരുന്നു. കമ്പിയും സിമന്റുമെല്ലാം ഉയർന്ന വില കൊടുത്ത് വാങ്ങണം. പ്രധാന ഉത്പന്നങ്ങളായ സിമന്റിനും കമ്പിക്കുമടക്കം വിലയിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 60 രൂപയാണ് സിമന്റിന് വർദ്ധിച്ചത്.

വയറിംഗ്, പ്ലബിംഗ് സാമഗ്രികൾക്ക് 70 ശതമാനവും വില വർദ്ധിച്ചു. ചെറുകിട നിർമ്മാണ മേഖലയിലുള്ള കരാറുകാരും വില വർദ്ധിക്കുന്നത് മൂലം ദുരിതത്തിലായിട്ടുണ്ട്. വില കുറഞ്ഞിരുന്ന സമയത്ത് കെട്ടിടങ്ങളുടെ പ്രവൃത്തി ആരംഭിച്ചിരുന്നവരും ഇപ്പോൾ പ്രതിസന്ധിയിലായി. വില വർദ്ധിച്ച സാഹചര്യത്തിൽ നിശ്ചിത ബഡ്ജറ്റിൽ ഇവർക്ക് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കില്ല. അടുത്ത ഒരു മാസംവരെ വിലയിൽ വർദ്ധന ഉണ്ടാവുമെന്നതിനാൽ പണി താത്കാലികമായി മാറ്റി വയ്ക്കേണ്ടിവരുമെന്നും ഇവർ പറയുന്നു.

വാർഷിക കണക്കെടുപ്പിന്റെ ഭാഗമായാണ് വലിയ കമ്പനികളെല്ലാം കഴിഞ്ഞ മാസങ്ങളിലായി വില കുറച്ചിരുന്നത്. ഇപ്പോൾ വില വീണ്ടും വർദ്ധിപ്പിച്ചു. നിർമ്മാണ മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾക്ക് വില കൂടുന്നതും വില വർദ്ധനയ്ക്കുള്ള പ്രധാന കാരണമാണ്. ഏറ്റവും കൂടുതൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സമയമായതുകൊണ്ടാണ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നതെന്നും നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു. സർക്കാർ സ്ഥാപനങ്ങളുടെയടക്കം അറ്റകുറ്റപ്പണികളും മറ്റും കാര്യമായി നടക്കുന്ന സമയമാണിത്. സാധനങ്ങളുടെ ലഭ്യതയനുസരിച്ചും വിലയിൽ വർദ്ധനയും കുറവും വരാറുണ്ട്. എന്നാൽ മഴക്കാലത്തിന് മുൻപേ വീടുകളുടെ പ്രവൃത്തി പൂർത്തിയാക്കണമെന്ന് നിശ്ചയിച്ചിരുന്നവർക്ക് ഇത് വലിയ തിരിച്ചടിയായി. ചെറുകിട കരാറുകാരും പ്രതിസന്ധിയിലായതോടെ വൻകിട കരാറുകാരുടെ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ കാര്യമായി നടന്നുകൊണ്ടിരിക്കുന്നത്.

ചെറുകിട കരാറുകാരാണ് വിലക്കയറ്റത്തിൽ കൂടുതൽ ദുരിതമനുഭവിക്കുക. കൂടുതൽ പ്രവൃത്തികൾ നടക്കുന്ന സമയമാണിത്. മഴക്കാലത്തിന് മുൻപ് തീർക്കാൻ ഉദ്ദേശിച്ചിരുന്നവർക്കടക്കം വിലക്കയറ്റം തിരിച്ചടിയാവും.