bike

 തീപിടിത്തം ഇന്നലെ പുലർച്ചെ  കത്തിച്ചാമ്പലായത് 31 ഇരുചക്രവാഹനങ്ങൾ

തിരുവനന്തപുരം: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുട്ടത്തറയിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ആളപായമില്ല. ഇന്നലെ പുലർച്ചെ 3നാണ് മുട്ടത്തറയിൽ ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന റോയൽ ബ്രദേഴ്സ് എന്ന സ്ഥാപനം കത്തിച്ചാമ്പലായത്.

തീപിടിത്തത്തിൽ കടയും ലക്ഷങ്ങൾ വിലവരുന്ന ബൈക്കുകളും പൂർണമായും കത്തിനശിച്ചു. 31 ഇരുചക്രവാഹനങ്ങളാണ് കടയ്‌ക്കകത്ത് സൂക്ഷിച്ചിരുന്നത്. സമീപത്ത് വീടുകളുണ്ടായിരുന്നെങ്കിലും കടയ്‌ക്ക് തീപിടിച്ചത് ആരുമറി‌ഞ്ഞില്ല. അതുവഴി പോയ ബൈക്ക് യാത്രക്കാരൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഷോറൂം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനായിരുന്നു ഉടമ തീരുമാനിച്ചിരുന്നത്.

സംഭവം ഇങ്ങനെ

തീപിടിച്ചത് പുലർച്ചെ മൂന്നിനാണെന്നാണ് ഫയർഫോഴ്സ് നിഗമനം. എന്നാൽ 3.55നാണ് ചാക്ക ഫയർഫോഴ്സിന് തീപിടിത്തമുണ്ടായ വിവരം ലഭിച്ചത്. അതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് ശക്തമായ പുകയും തീയും കെട്ടിടത്തിനുള്ളിൽ നിന്ന് പടരുന്നത് ആദ്യം കണ്ടത്. സംഭവമറിഞ്ഞ് ചാക്കയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയപ്പോൾ കടയിൽ പൂർണമായി തീ പടർന്നിരുന്നു. തുടർന്ന് ചാക്ക ഫയർഫോഴ്സ് ടീം രാജാജി നഗറിൽ നിന്നും വിഴിഞ്ഞത്തുനിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ വിളിച്ചു. ഒരു മണിക്കൂർ പരിശ്രമിച്ച് രാവിലെ 5ഓടെയാണ് തീഅണച്ചത്. മുട്ടത്തറയിലെ അണ്ടർപാസേജ് തീരുന്നടിത്താണ് ഷോറൂം. രാത്രി വെളിച്ചം കുറവുള്ളതുകാരണം കടയിലേയ്‌ക്ക് അധികം ശ്രദ്ധ പോവില്ല. മൂന്നുനിലയുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലാണ് റോയൽ ബ്രദേഴ്സ്.

ഷോർട്ട് സർക്യൂട്ടെന്ന്

പ്രാഥമിക നിഗമനം

തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ട് കാരണമാകാമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. കടയുടെ ഉദ്ഘാടനം അടുത്തതിനാൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നുവരെ നിർമ്മാണജോലികൾ നടന്നതായി അധികൃതർ പറഞ്ഞു. കടയിലുണ്ടായ 31 വാഹനങ്ങളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാമെന്ന സാദ്ധ്യതയും ഫയർഫോഴ്സ് ചൂണ്ടിക്കാട്ടുന്നു. എവിടെ നിന്നാണ് ആദ്യം തീ പിടിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. കടയിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും കത്തിനശിച്ചു. സമീപത്ത് വേറെ കടകളിലും കാമറകളില്ലായിരുന്നു. കൂടുതൽ പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുമെന്ന് ഫയർ ഓഫീസ‌ർ കെ.എൻ. ഷാജി അറിയിച്ചു. സംഭവമറിഞ്ഞ് മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു എന്നിവർ സ്ഥലം സന്ദർശിച്ചു. ഫയർ ഓഫീസർമാരായ കെ.എൻ. ഷാജി, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീ അണച്ചത്.

70 ലക്ഷം രൂപയുടെ നഷ്ടം

തീപിടിത്തത്തിൽ 70 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് ഷോറൂം ഉടമ പറയുന്നത്. 60 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. 80,000 രൂപ മുതൽ 2.5 ലക്ഷം രൂപ വിലവരുന്ന ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്. 23 സ്‌കൂട്ടികളും ബാക്കി അവഞ്ചർ, എഫ്.സി, കെ.ടി.എം, ഹോർണെറ്റ് തുടങ്ങിയ ഉയർന്ന വിലവരുന്ന ബൈക്കുകളും ബജാജ്, ടി.വി.എസ്, ഹോണ്ട തുടങ്ങിയ കമ്പനികളുടെ പുതിയ വാഹനങ്ങളുമാണ് കത്തിനശിച്ചത്. കടയ്‌ക്കും വാഹനങ്ങൾക്കും ഇൻഷ്വറൻസുള്ളതിനാൽ നഷ്ടപരിഹാരം ലഭിക്കുമെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. റോയൽ ബ്രദേഴ്സിന്റെ സഹോദര സ്ഥാപനം പാളയത്ത് പ്രവർത്തിക്കുന്നുണ്ട്. എറണാകുളം സ്വദേശി സാബു ജോണിയുടേതാണ് കമ്പനി. ഇവർക്ക് കേരളത്തിലാകെ 20 വാഹന ഫ്രാഞ്ചൈസികളുണ്ട്.