photo

നെടുമങ്ങാട്: കൊവിഡ് കാലത്ത് മികച്ച പ്രവർത്തനങ്ങളാണ് എൻ.ജി.ഒ യൂണിയൻ നടത്തിയതെന്നും അടിയന്തരഘട്ടങ്ങളിൽ സർക്കാരിന് കൈത്താങ്ങാകാൻ യൂണിയന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികമായി ബന്ധപ്പെട്ട് എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമ്മിച്ചുനൽകുന്ന സ്‌മാരകമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള കിയോസ്‌കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറും ടെലിവിഷൻ സെറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാറും നിർവഹിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ എൻ.ജി.ഒ യൂണിയൻ ജില്ലാപ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്. സജീവ്കുമാർ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. ഗോപകുമാർ, നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് ഡോ.നിത എസ്. നായർ, യൂണിയൻ ജോയിന്റ് സെക്രട്ടറി ഉല്ലാസ് കുമാർ, യൂണിയൻ ഭാരവാഹികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ ഷിനുറോബർട്ട് നന്ദി പറഞ്ഞു.