വിതുര: കേന്ദ്രപരിസ്ഥിതിമന്ത്രാലയം പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ വിതുര പഞ്ചായത്തിലെ 5 വാർഡുകൾ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജനവാസമേഖലകളെയാണ് പരിസ്ഥിതിലോലപ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മാത്രമല്ല വിനോദസഞ്ചാരികളുടെ പറുദീസകൂടിയായ മേഖലകൾ കൂടിയാണ് പരിസ്ഥിതിലോല പ്രദേശങ്ങളാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്തിന്റെയും വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടേയും വിവിധ രാഷ്ട്രീയകക്ഷികളുടേയും നേതൃത്വത്തിൽ സർക്കാരിനും കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിനും നിവേദനം നൽകിയിട്ടുണ്ട്. ജനവാസമേഖലയായ വാർഡുകളാണ് പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വ്യക്തമായി വസ്തുതകൾ മനസിലാക്കാതെയാണ്. വിതുര പഞ്ചായത്തിലെ അഞ്ചു വാർഡുകളെ പരിസ്ഥിതി ദുർബല മേഖലയുടെ കീഴിൽ കൊണ്ടുവന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുമൂലം പ്രദേശവാസികൾ ആശങ്കയിലാണ്. ഇതു സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയർന്നതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാവാർഡുകളിലും സ്പെഷ്യൽ ഗ്രാമസഭായോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. ഗ്രാമസഭയിൽ പങ്കെടുത്തവർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയർത്തിയത്.

സമരവുമായി രംഗത്ത്

മുൻപും ഈ മേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുത്താൻ തീരുമാനമെടുത്തെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. പരിസ്ഥിതിലോലപ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുമെന്നും വസ്തുവിന്റെ വില കുത്തനെ ഇടിയുമെന്നും സ്ഥലം വാങ്ങാൻ വിമുഖതകാട്ടുമെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല വസ്തു വിൽക്കാനും ബുദ്ധിമുട്ട് നേരിടും. നേരത്തെ പൊൻമുടി മെർക്കിസ്റ്റൺ മേഖലയെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി ലോലമേഖലകളായി പ്രഖ്യാപിച്ച ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നാട്ടുകാർ സർക്കാരിന് പരാതികൾ നൽകുകയും സമരവുമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

നിവേദനം നൽകും

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളെ സംബന്ധിച്ച് സർക്കാർ കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയർന്നതോടെ റിപ്പോർട്ട് പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ റിപ്പോർട്ട് ഈയാഴ്ച കേന്ദ്രത്തിന് സമർപ്പിക്കാനാണ് തീരുമാനം. ഈ റിപ്പോർട്ടിൽ ജനവാസമേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതിലോലമേഖലകളിൽ നിന്നും വിതുര പഞ്ചായത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനും കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിനും നിവേദനം നൽകിയിട്ടുണ്ടെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജും, വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദും അറിയിച്ചു.