a

തിരുവനന്തപുരം: മഴയുടെ ശക്തി ഏറിയതോടെ ഭാഗികമായി തകർന്ന കല്ലമ്പള്ളി - ഇടവക്കോട് റോഡ് ചെളിക്കളമായി. താരതമ്യേന വീതികുറഞ്ഞ റോഡിൽ ഇരുവശത്തു നിന്നും വാഹനങ്ങൾ വന്നാൽ ഗതാഗതകുരുക്ക് ഉണ്ടാകുന്ന അവസ്ഥയുമുണ്ട്. കൂടാതെ ടിപ്പറടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്നതും റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ശ്രീകാര്യം ഹൈവേയിൽ നിന്ന് മണ്ണന്തല- നാലാഞ്ചിറ ഭാഗത്തേക്കുള്ള എളുപ്പവഴിയും ഇതാണ്. ശ്രീകാര്യം ഫ്ലൈഓവറിന്റെ പണി ആരംഭിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുമെന്നാണ് വിലയിരുത്തൽ. ഇതോടെ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലാകും. റോ‌ഡിന് വികസനം വേണമെന്നാവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുടിവെള്ള കണക്ഷനായി അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. കണക്ഷൻ എടുത്തശേഷം റോഡ് മുറിച്ചിടത്ത് ചല്ലിയും മണലും നിറച്ച് തടിതപ്പുകയാണ് പതിവ്. പിന്നീട് ചല്ലിയിളകി ഈ ഭാഗത്ത് വലിയ കുഴികൾ രൂപപ്പെടും. കുടിവെള്ള പൈപ്പിടാനായി വെട്ടിപ്പൊളിച്ച കല്ലമ്പള്ളി - കരുമ്പുക്കോണം റോഡും താറുമാറായിട്ട് മാസങ്ങളായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 750 മീറ്റർ ദൂരത്തിലാണ് കുടിവെള്ള കണക്ഷനുവേണ്ടി പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചത്. വാട്ടർഅതോറിട്ടി തന്നെ റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.

 പൈപ്പിടൽ

പേരൂർക്കട മൺവിള കുടിവെള്ള പദ്ധതിയുടെ ഭാഗമായി 900 മീറ്ററോളം 1500 എം.എം പൈപ്പാണ് ഇടുന്നത്. കരിമ്പുക്കോണം മുതൽ ചെമ്പക സ്കൂളിന് താഴെ വരെയുള്ള റോഡിലും ദുർഗാദേവീക്ഷേത്രത്തിന് സമീപവും പൈപ്പിടൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി കരിയം ജംഗ്ഷൻ വരെ 150 മീറ്ററോളം പൈപ്പ് ലൈൻ എത്തിക്കാനുണ്ട്. എന്നാൽ പൈപ്പിടൽ പൂർത്തിയായ സ്ഥലങ്ങളിൽ ഇതുവരെയും ടാറിംഗ് ആരംഭിച്ചിട്ടില്ല.

 കരാറുകാരൻ അവസാനിപ്പിക്കും

നിലവിൽ ജോലികൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് കരാറുകാരൻ. കൊവിഡിന് പിന്നാലെ നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ കൂടിയതും തൊഴിലാളികളെ കിട്ടാനില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. കരാറുകാരൻ പദ്ധതി ഉപേക്ഷിച്ച് പോകുന്നതിനുമുമ്പ് പൈപ്പിടൽ പൂർത്തിയാക്കിയ റോഡുകളിലെ കുഴികളടച്ച് ടാറിംഗ് പൂർത്തിയാക്കാനാണ് വാട്ടർ അതോറിട്ടിയുടെ നീക്കം. എന്നാൽ ജോലികൾ ഇൗ മാസവും പൂർത്തിയാകില്ലെന്നാണ് സൂചന.

 പ്രതികരണം

ടാർ ചെയ്ത റോഡ‌് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ചത് വാട്ടർ അതോറിട്ടിയാണ്. അവരാണ് കരുമ്പുക്കോണം റോഡ് നന്നാക്കാനുള്ളത്. കല്ലമ്പള്ളി റോഡ് ഒരു മാസത്തിനകം ടാർ ചെയ്യും. ഇതിന്റെ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ടാർ ചെയ്യുന്നതിന് പിന്നാലെ കുടിവെള്ള കണക്ഷനായി വെട്ടിപ്പൊളിക്കുന്നതും പതിവാണ്. ഇതിന് പരിഹാരമുണ്ടാകണം.

കൗൺസിലർ

എൽ.എസ്. സാജു