may09a

ആറ്റിങ്ങൽ: സർക്കാർ സാമ്പത്തിക സഹായം വൈകുന്നത് മാമം നാളികേര കോംപ്ലക്സിന്റെ പ്രവർത്തനത്തിന് തടസ്സമാകുന്നു. ബഡ്ജ​റ്റ് വിഹിതമായി രണ്ട് കോടിരൂപയാണ് നാളികേര വികസന കോർപ്പറേഷന് ലഭിക്കേണ്ടത്. ഈ തുക വൈകുന്നത് മാമത്തെ വെളിച്ചെണ്ണ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

അതേസമയം പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ നാളികേര വികസന കോർപ്പറേഷൻ പുതിയ സാദ്ധ്യതകൾ പരിശോധിച്ച് തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടഞ്ഞു കിടന്നിരുന്ന നാളികേര കോംപ്ലക്സ് 2021 ജൂൺ 30 നാണ് പുനരാരംഭിച്ചത്. 5 കോടി രൂപ ചെലവിട്ട് പുതിയ പ്ലാന്റ് സ്ഥാപിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. പ്രതിദിനം 20,000 ലി​റ്റർ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അത്യാധുനിക പ്ലാന്റാണ് മാമത്ത് സ്ഥാപിച്ചിട്ടുള്ളത്.

നാളികേര കോംപ്ലക്സിൽ പ്ലാന്റ് സജ്ജമാക്കിയതുമായി ബന്ധപ്പെട്ട് ചില ബാദ്ധ്യതകൾ കോർപ്പറേഷൻ നേരിടുന്നുണ്ട്. ഇലക്ട്രിക്കൽ പണികൾ നടത്തിയതിലും പുതിയ യന്ത്രങ്ങൾ സ്ഥാപിച്ചതിലുമുണ്ടായ ബാദ്ധ്യതകളാണിവ. സർക്കാർ ഫണ്ട് ലഭ്യമായാൽ ഇത് തീർക്കുന്നതിനും വെളിച്ചെണ്ണ ഉത്പാദനത്തിനാവശ്യമായ കൊപ്ര സംഭരിക്കുന്നതിനും കഴിയുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ. ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സഹായം ലഭിക്കാത്തതാണിപ്പോൾ കോംപ്ലക്സ് നേരിടുന്ന പ്രതിസന്ധി.

വെളിച്ചെണ്ണ ഉത്പാദനത്തിന് പുറമേ കോംപ്ലക്സിൽ വെന്തവെളിച്ചെണ്ണയുടെ (വിർജിൻ കോക്കനട്ട് ഓയിൽ) ഉത്പാദന യൂണി​റ്റും പ്രവർത്തിക്കുന്നുണ്ട്. വെന്തവെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറവായതിനാൽ ഇപ്പോൾ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായെങ്കിലും വെളിച്ചെണ്ണ ഉത്പാദനം പൂർണ്ണമായും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കൊപ്ര ലഭിക്കുന്നതിനനുസരിച്ച് ചെറിയതോതിലുള്ള ഉത്പാദനം മാത്രമാണ് പ്ലാന്റിൽ നടക്കുന്നത്.

ഉയർന്ന ഉല്പാദനച്ചെലവും വിപണിയിലെ മത്സരവുമാണ് മ​റ്റൊരു പ്രതിസന്ധി. വെളിച്ചെണ്ണയുടെ വിപണനത്തിന് കോർപ്പറേഷൻ കരാർ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ വിപണിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്. കരാറെടുത്ത ഏജൻസിക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് എത്തിക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയാണ് കോർപ്പറേഷന് ഇപ്പോൾ അടിയന്തരമായി വേണ്ടത്.