liquor

തിരുവനന്തപുരം: സാധാരണക്കാർ വാങ്ങുന്ന വിലകുറഞ്ഞ വിദേശ മദ്യ ബ്രാൻഡുകൾക്ക് വിലകൂട്ടാൻ ബിവറേജസ് കോർപ്പറേഷൻ സർക്കാരിന് ശുപാർശ നൽകി. കമ്പനികൾ ബെവ്കോയ്ക്ക് മദ്യം എത്തിക്കുന്ന വിലയുടെ (ലാൻഡിംഗ് പ്രൈസ്) 10 ശതമാനം വർദ്ധിപ്പിക്കാനാണ് നീക്കം. മന്ത്രിസഭായോഗമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

നിർമ്മാണ കമ്പനികൾ മദ്യസപ്ളൈ നിറുത്തിവയ്ക്കുകയും വിലകുറഞ്ഞ ബ്രാൻഡുകൾക്ക് ക്ഷാമമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വില കൂട്ടൽ ശുപാർശ. നാല് വർഷം മുമ്പാണ് വിദേശമദ്യത്തിന് ബെവ്കോ വില കൂട്ടി നൽകിയത്. കഴിഞ്ഞ വർഷം ഒരു ലിറ്റർ സ്പിരിറ്റിന്റെ വില 53 രൂപയായിരുന്നു. ഇപ്പോൾ 73 രൂപയായി. മദ്യവില കൂട്ടാൻ നിർമ്മാതാക്കൾ സമ്മർദ്ദം ചെലുത്തുന്നത് ഇതിനാലാണ്.

മൻഡോവി, കേരള ആൽക്കഹോളിക് പ്രോഡക്റ്റ്സ്, സെവൻസീസ്, ഒയാസിസ് എന്നീ കമ്പനികളാണ് വിലകുറഞ്ഞ ബ്രാൻഡുകൾ പ്രധാനമായും സപ്ളൈ ചെയ്യുന്നത്. സംസ്ഥാനത്ത് തന്നെ ബ്ളെൻഡിംഗും ബോട്ടിലിംഗും നടത്തുന്ന കമ്പനികളാണിവ. ജവാൻ, എൽമിറ, എവരിഡെ ഗോൾഡ്, എസ്.എൻ.ജെ.നമ്പർ വൺ, ബർമുഡ, ക്ളാസിക് ഗ്രാൻഡി തുടങ്ങിയ പേരുകളിലുള്ള ചീപ്പ് ബ്രാൻഡുകൾക്ക് ലിറ്റർ/ഫുൾ ബോട്ടിലിന് 600 രൂപയാണ് ശരാശരി വില.

 കൂടുതൽ 'ജവാൻ" വൈകും

സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിൽ ജവാൻ റമ്മിന്റെ ഉത്പാദനം കൂട്ടൽ വൈകും. 8000 കെയ്സാണ് ഇപ്പോഴത്തെ പ്രതിദിന ഉത്പാദനം. നിലവിലെ നാല് ലൈനുകൾക്ക് പുറമെ ആട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന കൂടുതൽ ലൈനുകൾ സ്ഥാപിച്ച് ഉത്പാദനം 10,000 കെയ്സ് ആക്കാനാണ് നീക്കം. ഇതിനുള്ള മെഷീനുകളുടെ ടെൻഡർ നടപടി പൂർത്തിയായില്ല.

'സ്പിരിറ്റ് വില കുത്തനെ ഉയർന്നതിനാൽ മദ്യവില കൂട്ടണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ന്യായമാണ്. ബെവ്കോ നൽകിയ ശുപാർശയിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്".

- ശ്യാം സുന്ദർ, എം.ഡി ബെവ്കോ