
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ പാറശാല ഫൊറോനയിലെ ചാവല്ലൂർ പൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ദേവാലയത്തിൽ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപന ദിനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ആരംഭിച്ചു. ദേവസഹായത്തിന്റെ ജന്മ സ്ഥലമായ നട്ടാലം മരുതൻ കുളങ്ങരയിൽ നിന്ന് കൊളുത്തിയ ദീപശിഖാ പ്രയാണവും ചാവല്ലൂർ പൊറ്റ ദേവാലയത്തിലെ വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള വിളംബര ദീപശിഖാ ബൈക്ക് റാലി നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഫൊറോനകളിലൂടെ കടന്ന് ചാവല്ലൂർ പൊറ്റയിൽ തിരിച്ച് എത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
101 വനിതകൾ പങ്കെടുക്കുന്ന മെഗാ മാർഗംകളിയും നടന്നു. തുടർന്ന് പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നവീന വിൽ മേളയും നടന്നു.