radiation

തിരുവനന്തപുരം : കാൻസർ രോഗികൾക്ക് നൽകുന്ന പ്രധാന ചികിത്സയായ റേഡിയേഷൻ ഇനി അതിവേഗത്തിലും ഫലപ്രദമായും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ലഭ്യമാകും. അത്യാധുനിക കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാൻട്രി ലീനിയർ ആക്‌സിലറേറ്റർ യന്ത്രം ആറുമാസത്തിനുള്ളിൽ ആർ.സി.സിയിൽ എത്തുന്നതോടെയാണിത്. രാജ്യത്ത് സർക്കാർ മേഖലയിൽ ആദ്യമായാണ് ഈ യന്ത്രം ഉപയോഗിച്ച് റേഡിയേഷൻ ചികിത്സ നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

വേഗം കൂടുതലായതിനാൽ പരമ്പരാഗത സിആം ലീനിയർ ആക്‌സിലറേറ്റർ യന്ത്രത്തിൽ ഒരുദിവസം നൽകുന്നതിനേക്കാൾ ഇരട്ടി പേർക്ക് ചികിത്സ നൽകാം. ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയേഷൻ തെറാപ്പി (ഐ.എം.ആർ.ടി) ഇമേജ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി (ഐ.ജി.ആർ.ടി) എന്നിവയാണ് പുതിയ യന്ത്രത്തിന്റെ മേന്മകൾ.

പവർഗ്രിഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 20കോടി ചെലവഴിച്ചാണ് യന്ത്രം വാങ്ങുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേയും പവർഗ്രിഡ് കോർപറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.രവിയും ഒപ്പുവച്ചു.

യന്ത്രങ്ങൾ തമ്മിലുള്ള വ്യത്യാസം

 സിആം ലീനിയർ ആക്‌സിലറേറ്റർ യന്ത്രത്തിൽ മുകളിൽ നിന്ന് മാത്രമാണ് റേഡിയേഷൻ വികരണങ്ങൾ പ്രസരിക്കുന്നത്

 അതിനാൽ കാൻസർ ബാധിത പ്രദേശത്ത് നാല് ചുറ്റിലും റേഡിയേഷൻ നൽകാൻ യന്ത്രം പുറത്ത് നിന്ന് നിയന്ത്രിക്കണം.

 പുതിയ റിംഗ് ഗാൻട്രി ലീനിയർ ആക്സിലറേറ്ററിൽ നിന്നും വികിരണങ്ങൾ ഒരേസമയം നാല് ചുറ്റിൽ നിന്നും പ്രസരിക്കും.

ഇമേജ് ഗൈഡൻസിംഗ് സംവിധാനമുള്ളതിനാൽ റേഡിയേഷൻ നൽകുന്ന ഭാഗത്തെ ചിത്രം ലഭിക്കും

 അത് അനുസരിച്ച് സാധാരണ കോശങ്ങളിലേക്ക് റേഡിയേഷൻ എത്തുന്നത് തടയാം.