കാട്ടാക്കട: താലൂക്കിലെ പോക്കുവരവ് നടപടികൾ ഇഴയുന്നു. വില്ലേജോഫീസുകളിൽ നിന്ന് താലൂക്കോഫീസിലേക്ക് അയയ്ക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ യഥാസമയം നൽകാത്തതാണ് നടപടികൾ താളംതെറ്റാൻ കാരണം.
മാസങ്ങൾക്ക് മുൻപ് ലഭിച്ച അപേക്ഷകൾക്ക് പോലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പോക്കുവരവ് ഓൺ ലൈൻ സംവിധാനത്തിലായതിനാൽ സമയബന്ധിതമായി ലഭിക്കുമെന്ന് പറയുന്നെങ്കിലും പലയിടത്തും പോക്കുവരവ് നടപടി താളം തെറ്റിയിരിക്കുകയാണ്. വില നൽകി സ്വന്തം പേരിൽവാങ്ങിയ ഭൂമിക്ക് നികുതി അടച്ച് കിട്ടാൻ കാട്ടാക്കട താലൂക്കിലെ ഭൂവുടമകൾ നെട്ടോട്ടമോടുന്ന കാഴ്ചയാണിപ്പോൾ.
സാധാരണക്കാരും നിർദ്ധനരും വാങ്ങിയ ഭൂമികളാണ് കൂടുതലും പോക്കുവരവ് ലഭിക്കാതെ കിടക്കുന്നത്. അന്യായ തടസങ്ങൾ പറഞ്ഞ് ആളുകളെ തിരിച്ചയയ്ക്കുന്നത് പതിവ് കാഴ്ചയാണ്. ആളില്ല, വൈദ്യുതിയില്ല, നെറ്റില്ല, പാസ് വേഡ് ഇല്ല എന്നിവയാണ് താലൂക്കിൽ നിന്ന് ഭൂവുടമകൾക്ക് പതിവായി ലഭിക്കുന്ന മറുപടി.
വസ്തു രജിസ്ട്രേഷൻ നടക്കുന്ന ദിവസംതന്നെ സബ് രജിസ്റ്റാർ ഒാഫീസുകളിൽ നിന്ന് പോക്കുവരവ് ചെയ്യാനായി കൈമാറ്റം ചെയ്ത വസ്തുവിന്റെ വിവരം ഓൺലൈനായി വില്ലേജോഫീസുകളിൽ ലഭിക്കും. രജിസ്റ്റർ ചെയ്ത ആധാരം മടക്കിക്കിട്ടിക്കഴിഞ്ഞാലും പോക്കുവരവ് ചെയ്ത് കരം അടച്ച രസീത് ഭൂവുടമകൾക്ക് ലഭിക്കുന്നില്ല.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ആധാരങ്ങൾ പോലും മിക്ക വില്ലേജുകളിലും പോക്കുവരവ് ചെയ്ത് ഭൂനികുതി ഈടാക്കാതെ കിടക്കുകയാണ്. പോക്കുവരവിന്റെ കാലതാമസത്തെ കുറിച്ച് താലൂക്കോഫീസിൽ പരാതിപ്പെട്ടിട്ടും ഫലമില്ലെന്ന് ആളുകൾ പറയുന്നു. വില്ലേജോഫീസുകളിൽ പോക്കുവരവ് അപേക്ഷകൾ വൈകിപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ നടപടി വേണമെന്ന് താലൂക്കോഫീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പറയുന്നത്.
വില്ലേജോഫീസുകളിൽ ഉദ്യോഗസ്ഥരുടെ കുറവ് കാരണം നടപടിക്രമങ്ങൾ വൈകുന്നതായാണ് താലൂക്കിൽ നിന്ന് അപേക്ഷകരെ അറിയിക്കുന്നത്. എന്നാൽ താലൂക്കോഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് പോക്കുവരവ് നടപടികൾ നിലയ്ക്കാൻ കാരണം.
അടുത്തിടെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷനിൽ വൻ കുറവ് സംഭവിച്ചു. ഇതോടെ പോക്കുവരവ് അപേക്ഷകളുടെയും എണ്ണം കുറഞ്ഞു. എന്നിട്ടും സമയബന്ധിതമായി പോക്കുവരവ് അപേക്ഷകൾ തീർപ്പാക്കാൻ അധികൃതർ തയാറാകുന്നില്ല.
സബ് ഡിവിഷന്‍ വേണ്ടിവരുന്ന പോക്കുവരവ് അപേക്ഷകൾ തഹസിൽദാർ(ഭൂരേഖ) കൂടി അനുമതി നൽകണം. എന്നാൽ സമയബന്ധിതമായി വില്ലേജോഫീസുകളിൽ നിന്ന് താലൂക്കോഫീസുകളിലേക്ക് അയയ്ക്കുന്ന സബ് ഡിവിഷൻ വേണ്ടിവരുന്ന പോക്കുവരവ് അപേക്ഷകൾ താലൂക്കോഫീസിൽ നിന്ന് യഥാസമയം ലഭിക്കാത്തതാണ് പോക്കുവരവ് നടപടികൾ വൈകാൻ കാരണമെന്നാണ് ചില വില്ലേജ് അധികൃതർ ഭൂവുടമകളോട് പറയുന്നത്.