കാട്ടാക്കട: ബീവറേജസ് ഔട്ട് ലെറ്റുകളിൽ വിലകുറഞ്ഞ മദ്യം കിട്ടാനില്ല.ക്വാർട്ടറിനും പയിന്റിനുമാണ് കൂടുതൽ ക്ഷാമം. 150 മുതൽ 250 രൂപവരെ നൽകി വിദേശമദ്യം വാങ്ങിയിരുന്നവർക്ക് അഞ്ഞൂറിന് മുകളിൽ വിലയുള്ളവ വാങ്ങേണ്ട സ്ഥിതിയാണ്. രണ്ടു മൂന്നു ദിവസമായി പലയിടത്തും ഇതാണവസ്ഥ. കുറഞ്ഞമദ്യം കിട്ടാതായതോടെ അന്യസംസസ്ഥാന മദ്യവും വ്യാജനും വാറ്റുമെല്ലാം രംഗത്തെത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
സ്റ്റോക്ക് എത്താത്തതാണ് കാരണമെന്നാണ് ആദ്യം കരുതിയത്. അടുത്ത ദിവസങ്ങളിലും സ്ഥിതി തുടർന്നതോടെ മുന്തിയ ഇനം വാങ്ങാൻ കാശു തികയാതെ ജീവനക്കാരുമായി ഉപഭോക്താക്കൾ വഴക്കിടുന്ന സ്ഥിതിയായി. കാട്ടാക്കട,മലയിൻകീഴ്,ആര്യനാട് തുടങ്ങി ജില്ലയിലെ മിക്ക പ്രദേശങ്ങളിലും സ്ഥിതി ഇതുതന്നെ. കൂടിയ മദ്യം വില്ക്കുന്നതിനായി മനഃപൂർവം ക്ഷാമം വരുത്തുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. ജീവനക്കാരുമായി ബന്ധമുള്ളവർക്ക് രഹസ്യമായി കുറഞ്ഞ മദ്യം നൽകുന്നു എന്ന ആക്ഷേപവുമുണ്ട്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ വിലകുറഞ്ഞ മദ്യമാണ് പതിവായി വാങ്ങുന്നത്. കുറഞ്ഞ വിലയ്ക്ക് നൽകാനായി അടുത്തിടെ വിപണിയിലെത്തിച്ച മദ്യവും കിട്ടാനില്ല.