തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്‌മാർട്ട് റോഡ് നിർമാണം ഇഴയുന്നതിനെതിരെ കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ പ്രതിഷേധം. നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് കൗൺസിലർ ജോൺസൺ ജോസഫും പി. പദ്മകുമാറും ആവശ്യപ്പെട്ടു.
പദ്ധതിക്കായി ഇതുവരെ എത്ര രൂപ ചെലവാക്കി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനും ആവശ്യപ്പെട്ടു. കുഴിക്കാതെ കേബിൾ സ്ഥാപിക്കാൻ പറ്റില്ലെന്നൂം സ്‌കൂൾ തുറക്കുന്നതിനുമുമ്പ് നിർമാണം പൂർത്തിയാക്കുമെന്നും മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഡി.ആർ. അനിൽ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ആവശ്യമെങ്കിൽ പ്രത്യേക കൗൺസിൽ യോഗം കൂടാമെന്നും അടുത്ത കൗൺസിലിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തികവർഷം ഉൾപ്പെടുത്തിയതിൽ 148 പദ്ധതികൾ ഉപേക്ഷിക്കാൻ നഗരസഭ തീരുമാനിച്ചു. അതേസമയം പദ്ധതികൾ കൂട്ടത്തോടെ ഉപേക്ഷിക്കുന്നതിനെതിരെ ഭരണ പ്രതിപക്ഷ ഭേദമെന്യേ കൗൺസിലർമാർ രംഗത്തെത്തി. നിർമാണം പാതിവഴിയിലായ പദ്ധതികൾ പോലും ഉപേക്ഷിക്കുകയാണെന്നാണ് കൗൺസിലർമാരുടെ പരാതി.
വഴുതക്കാട് കൗൺസിലർ രാഖി രവികുമാറാണ് ഭരണസമിതിക്കെതിരെ ആദ്യം രംഗത്തെത്തിയത്. ടാറും മെറ്റലും സംഭരിച്ചശേഷം നിർമാണം ഉപേക്ഷിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതായി എൽ.ഡി.എഫ് കൗൺസിലർ മേടയിൽ വിക്രമൻ ആരോപിച്ചു. ശാന്തിവിള ആശുപത്രി നവീകരണം ഉപേക്ഷിക്കുന്നതായി രേഖപ്പെടുത്തിയെന്ന് കരാറിന്റെ പകർപ്പ് ഉയർത്തിക്കാട്ടി പൊന്നുമംഗലം കൗൺസിലർ എം.ആർ. ഗോപൻ ആരോപിച്ചു.
സ്ഥലസൗകര്യം ലഭ്യമല്ലാത്തതിനാൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന നിർവഹണ ഉദ്യോഗസ്ഥയുടെ ശുപാർശയ്‌ക്കെതിരെ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്. സലിം രംഗത്തെത്തി. ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കണമെന്ന് സലിം ആവശ്യപ്പെട്ടു.
കാലടി,കരമന,കുര്യാത്തി,പാൽക്കുളങ്ങര,കോട്ടപ്പുറം,പാപ്പനംകോട്,വലിയവിള,തിരുവല്ലം,പൗഡിക്കോണം,നാലാഞ്ചിറ,പി.ടി.പി നഗർ എന്നിവിടങ്ങളിലെ കൗൺസിലർമാരും പദ്ധതികൾ നടപ്പാക്കേണ്ടെന്ന തീരുമാനത്തിനെതിരെ രംഗത്തെത്തി. നിർമാണം പുരോഗമിക്കുന്ന പദ്ധതികളെ ഒഴിവാക്കുന്ന ലിസ്റ്റിൽ നിന്ന് മാറ്റാൻ വികസന,മരാമത്ത് സ്ഥിരംസമിതി ചെയർമാന്മാർക്ക് രേഖാമൂലം അപേക്ഷ നൽകാൻ മേയർ നിർദേശിച്ചു.