v

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇന്ന് ശമ്പളം നൽകുമെന്ന് മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പ് വെറുംവാക്കായേക്കും. താത്കാലിക വായ്പ തരപ്പെടുത്തി ശമ്പളം നൽകാനുള്ള ശ്രമം വിജയിച്ചിട്ടില്ല. സർക്കാർ നൽകിയ 30 കോടി രൂപമാത്രമാണ് കൈവശം.
50 കോടി രൂപ വായ്പയ്ക്കായി സഹകരണ സ്ഥാപനങ്ങളെ അടക്കം ഇന്നലെ സമീപിച്ചിരുന്നു. 3000 കോടി രൂപയുടെ എസ്.ബി.ഐ കൺസോർഷ്യം വായ്പ നിലനിൽക്കുന്നതിനാൽ മറ്റു വായ്പകൾ സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സി.എം.ഡി ബിജുപ്രഭാകർ ഇന്ന് നെതർലൻഡിലേക്ക് പുറപ്പെടും. 19നേ തിരിച്ചെത്തൂ. വിദേശത്തെ ചികിത്സ കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രിയെ നാളെ മന്ത്രി പ്രതിസന്ധി ബോദ്ധ്യപ്പെടുത്തും. ഇതിലാണ് തൊഴിലാളികളുടെ പ്രതീക്ഷ. കഴിഞ്ഞമാസം 19നാണ് ശമ്പളം നൽകിയത്.

ഈ സ്ഥിതി തുടർന്നാൽ അനിശ്ചിതകാല സമരത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് ടി.ഡി.എഫ് അറിയിച്ചു. ശമ്പളം മുടക്കി സർക്കാർ പ്രതികാരം ചെയ്യുകയാണെന്നാണ് ബി.എം.എസിന്റെയും എംപ്ലോയീസ് ആസോസിയേഷന്റെയും (സി.ഐ.ടു.യു) ആരോപണം.