
കോട്ടയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ നിരീക്ഷണത്തിലുള്ള രൺദീപിന്റെ ബന്ധുക്കളെ മന്ത്രി വീണാജോർജ് സന്ദർശിച്ചു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം ഐ.സി.യുവിലുള്ള ഡോക്ടർമാരുടെ സഹായത്തോടെ വീഡിയോ കോൾ വഴി റൺദീപുമായും കരൾ പകുത്ത് നൽകിയ സഹോദരി ദീപ്തിയുമായും മന്ത്രി സംസാരിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ 75 ലക്ഷം രൂപ അനുവദിക്കാമെന്നും മന്ത്രി അറിയിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് മിറിയംവർക്കി, സൂപ്രണ്ട് ഡോ.ജയകുമാർ, ഡോ.സിന്ധു എന്നിവർ ഒപ്പമുണ്ടായിരുന്നു.