
വെഞ്ഞാറമൂട്: യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം മാനസിക പീഡനവും പൊലീസ് കള്ളക്കേസിൽ കുടുക്കിയത് കൊണ്ടാണെന്നും ആരോപിച്ച് പിതാവ് ഡി.ജി.പിക്ക് പരാതി നൽകി.
കരിഞ്ചാത്തി എസ്.ആർ ഭവനിൽ സോമന്റെയും രമയുടെയും മകൻ സുബിനാണ് (34) ഞായറാഴ്ച ആത്മഹത്യ ചെയ്തത്.
ഇക്കഴിഞ്ഞ മേയ് 2ന് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയും ഭർത്താവും സ്‌കൂട്ടറിൽ കരിഞ്ചാത്തിയിലൂടെ പോകവേ മദ്യലഹരിയിൽ ഒരു യുവാവ് അസഭ്യം പറഞ്ഞു. തുടർന്ന് യുവാവും യുവതിയുടെ ഭർത്താവും തമ്മിൽ വാക്ക് തർക്കവും അടിപിടിയും ഉണ്ടായി. ബഹളം കേട്ട് സമീപത്തെ വീട്ടിലെ സുബിന്റെ ബന്ധുവായ മോഹനൻ എത്തി ഇരുവരേയും പിടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നു. തുടർന്ന് ദമ്പതികളും മോഹനനുമായി വാക്ക് തർക്കമുണ്ടാവുകയും ദമ്പതികൾ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസ് എത്തിയപ്പോഴേക്കും മദ്യ ലഹരിയിലായിരുന്ന യുവാവ് കടന്നുകളഞ്ഞിരുന്നു. മോഹനനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സുബിനും പിതാവും നാട്ടുകാരും ചേർന്ന് തടഞ്ഞു. തുടർന്ന് സുബിനെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നുവെന്ന് സോമൻ പരാതിയിൽ പറയുന്നു. മോഹനനെ ജീപ്പിൽ കയറ്റുന്നത് തടയാൻ എത്തിയപ്പോഴാണ് സുബിൻ ദമ്പതികളെ കാണുന്നതെന്നും ഇയാൾ പറയുന്നു.
പൊലീസിനെ പേടിച്ചാണ് സുഹൃത്തിന്റെ വീട്ടിലേക്ക് സുബിൻ ഒളിവിൽ പോയത്. അന്ന് രാത്രി വെഞ്ഞാറമൂട് എസ്.ഐയുടെ നേതൃത്വത്തിൽ പത്തോളം പൊലീസുകാർ വീട്ടിലെത്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതറിഞ്ഞ് മനംനൊന്താണ് സുബിൻ ആത്മഹത്യ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. മകന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സോമൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടു.