t-padmanabhan

തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ 2022ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി.പദ്മനാഭന് സമ്മാനിക്കും. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 'ഗൗരി', 'പ്രകാശം പരത്തുന്ന പെൺകുട്ടി', മഖൻ സിംഗിന്റെ മരണം', 'മരയ' തുടങ്ങിയ കഥകൾ വിലയിരുത്തിയാണ് ഡോ.എം.എം.ബഷീർ, ഡോ.ജോർജ്ജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരടങ്ങിയ ജൂറി ടി.പദ്മനാഭനെ തിരഞ്ഞെടുത്തത്.

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്ത് ഉയർത്തുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച കഥാകൃത്താണ് ടി.പദ്മനാഭനെന്ന് അക്കാഡമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

2021ലെ ഒ.എൻ.വി യുവ സാഹിത്യ പുരസ്‌കാരത്തിന് അരുൺകുമാർ അന്നൂരിന്റെ 'കലിനളൻ' എന്ന കൃതിയും 2022ലെ യുവ സാഹിത്യ പുരസ്‌കാരത്തിന് അമൃത ദിനേശിന്റെ 'അമൃതഗീത' എന്ന കൃതിയും അർഹമായി. 50000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, റോസ്‌ മേരി, എസ്.മഹാദേവൻ തമ്പി എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഒ.എൻ.വി ജയന്തിദിനമായ മേയ് 27ന് തിരുവനന്തപുരത്ത് വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അക്കാഡമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ, റോസ്‌ മേരി, എസ്.മഹാദേവൻ തമ്പി എന്നിവർ പങ്കെടുത്തു.