മലയിൻകീഴ്: വിളപ്പിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിളപ്പിൽ, പേയാട് പ്രദേശങ്ങളിലെ ഹോട്ടലുകൾ,കൂൾബാറുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഇറച്ചി, വൃത്തിഹീനവും ദുർഗന്ധം പരത്തുന്നതുമായ പരിസരം, ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനമില്ലായ്മ തുടങ്ങിയ നിരവധി പോരായ്മകൾ കണ്ടെത്തി.
പഞ്ചായത്ത് ലൈസൻസില്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന 2 ഹോട്ടലുകൾ അധികൃതർ അടപ്പിച്ചു.ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് പാർലറുകൾ തുടങ്ങി 21 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് സുപ്പർവൈസർ പി.വിനീഷ്കുമാർ അറിയിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ആർ.രാജീവ്, വി.ജെ.രാജശ്രീ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.