general

 അഞ്ചുപേർക്ക് പരിക്ക്  ഒഴിവായത് വൻദുരന്തം

ബാലരാമപുരം: ദേശീയപാതയിലെ പാരൂർക്കുഴിയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ 398ാം നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 22യാത്രക്കാരുണ്ടായിരുന്നു. അമിതവേഗത്തിൽ വരികയായിരുന്ന ഫാസ്റ്റ് പാസഞ്ച‌‌‌ർ ചാറ്റൽ മഴയിൽ റോഡിൽ നിന്ന് തെന്നിമാറി കടയിലേക്ക് ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പാരൂർക്കുഴി വളവുതിരിഞ്ഞ് 10 മീറ്റർ അകലെയുള്ള സുമാ നിവാസിൽ മാധവൻനായരുടെ കടയിലേക്കാണ് പാതയോരത്തെ ഇരുമ്പുവേലി തകർത്ത് ബസ് ഇടിച്ചുകയറിയത്. മാധവൻ നായർ വാടകയ്‌ക്ക് നൽകിയിരുന്ന ബേക്കറിക്കട അവധിയായിരുന്നതിനാലും യാത്രക്കാർ ഫുട്പാത്തുവഴി യാത്രചെയ്യാതിരുന്നതിനാലും വൻ ദുരന്തം ഒഴിവാക്കി. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് നിലംപതിച്ചു. ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന കേബിൾ ലൈൻ പൊട്ടിവീണതിന് പിന്നാലെ കടയുടെ അലുമിനിയം ഷീറ്റിലെ മേൽക്കൂരയും തകർന്നിട്ടുണ്ട്. തറയിലെ ടൈലുകളും തെറിച്ചുപോയി.
സംഭവസ്ഥലത്തുണ്ടായിരുന്ന നാല് യുവാക്കളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ബസിലുണ്ടായിരുന്ന നാല് കുട്ടികളെയും സ്ത്രീകളെയും ഇവർ ആദ്യം രക്ഷപ്പെടുത്തി. വിവരമറിയച്ചതിനെ തുടർന്ന് ഫയർഫോഴ്സും ആംബുലൻസും നരുവാമൂട് പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ഡ്രൈവർ വിനോദ്കുമാറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിസാര പരിക്കേറ്റ മറ്റ് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കടയുടമയ്ക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.