വിഴിഞ്ഞം: വണ്ടിത്തടം പാലപ്പൂര് ജംഗ്‌ഷന് സമീപം വൃദ്ധയുടെ മൃതദേഹം വീടിന് സമീപത്തെ വാഴക്കൂട്ടത്തിനിടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തിരുവല്ലം പൊലീസ് ഈ പ്രദേശം കേന്ദ്രീകരിച്ച് വിശദ അന്വേഷണം തുടങ്ങി. വീടും പരിസരവും വീണ്ടും പരിശോധിച്ചു.
പാലപ്പൂര് കുന്താലം വിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ നിർമലയുടെ (56) മൃതദേഹമാണ് ഇക്കഴിഞ്ഞ 9ന് രാവിലെ വീടിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഫൊറൻസിക് വിഭാഗത്തിന്റെയും ആന്തരിക അവയവ പരിശോധനയുടെയും പോസ്റ്റ്മോർട്ടത്തിന്റെയും റിപ്പോർട്ടുകൾ ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ കെ.ആർ.സതീഷ് എന്നിവർ പറഞ്ഞു.
80 ശതമാനത്തിലധികം കത്തിയ ശരീരത്തിൽ കാലുകൾ മാത്രമാണ് കത്താതെ ഉണ്ടായിരുന്നത്. മണ്ണെണ്ണ കുപ്പി, ചെരുപ്പ് എന്നിവ സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തെ ചുവരിൽ കണ്ട പാട് രക്തക്കറയല്ലെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സമീപ താമസക്കാരുൾപ്പെടെ ആരും നിലവിളിയോ മറ്റോ കേട്ടില്ലെന്നതും ദുരൂഹതയുണ്ടാക്കുന്നു. നിർമ്മലയുടെ സ്വർണാഭരണങ്ങളും കുറച്ച് പണവും ഇവരുടെ കിടപ്പ് മുറിക്കുള്ളിലെ പൂട്ടിയ മേശക്കുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇവർ നടത്തിയിരുന്ന പ്രൊവിഷൻ സ്റ്റോർ ഇന്ന് തുറന്ന് പരിശോധിക്കും. കടയിൽ റേഷൻ മണ്ണെണ്ണ സൂക്ഷിച്ച് അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിറ്റിരുന്നതായി പൊലീസ് പറഞ്ഞു.