നെയ്യാറ്റിൻകര: ഏഴാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് 106 വർഷം കഠിനതടവും 17 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2017ൽ കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി വി. ഉദയകുമാ‌ർ ശിക്ഷ വിധിച്ചത്. മാതാവ് വീട്ടിലില്ലാത്ത സമയങ്ങളിലാണ് റബ്ബ‌ർ ടാപ്പിംഗ് തൊഴിലാളിയായ പിതാവ് കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയത്. സംഭവം പുറത്ത് പറഞ്ഞാൽ പൊലീസ് പിടികൂടുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

കുട്ടിക്ക് ചില ശാരീരിക അസ്വസ്ഥകളുണ്ടായതിനെ തുട‌ർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗ‌ർഭിണിയാണെന്ന് മനസിലായത്. പൊലീസിൽ പരാതിപ്പെടണമെന്ന് ഡോക്‌ടർ പറഞ്ഞെങ്കിലും പിതാവ് സഹോദരിയുടെ വീട്ടിലെത്തിച്ച് അബോ‌‌ർഷൻ നടത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിന് കൂട്ടാക്കാതെ ഇയാളുടെ സഹോദരി കുട്ടിയുടെ മാതൃസഹോദരിയെ വിവരമറിയിക്കുകയും സംഭവം പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിതാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നില്ല. പിന്നീട് ചൈൽഡ് വെൽഫെയ‌ർ സെന്റർ നടത്തിയ കൗൺസലിംഗിലാണ് പിതാവിന്റെ പങ്ക് ബോദ്ധ്യപ്പെട്ടത്. തുടർന്ന് 2017 ഒക്ടോബറിൽ എസ്.എ.ടി ആശുപത്രിയിൽ വച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അജിത്ത് തങ്കയ്യ, അഡ്വ. ഗോപിക ഗോപാൽ എന്നിവർ ഹാജരായി.