പൂവാർ: പൊഴിക്കര ബീച്ചിൽ ശക്തമായ കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷിച്ചു. കടലിൽ കാല് നനയ്ക്കാൻ ഇറങ്ങിയ സൂറത്ത് സ്വദേശികളായ മുഹമ്മദ് കാസിം - ഷാഹിന ദമ്പതികളുടെ മൂന്ന് വയസുള്ള രഹനയാണ് അമ്മയുടെ കൈയിൽ നിന്ന് വഴുതി കടലിൽ വീണത്. ശക്തമായ തിരയിൽ ഒഴുകിപ്പോയ കുട്ടിയെ ലൈഫ് ഗാർഡുമാരായ വിർജിൻ, ജോർജ് എന്നിവർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. പൂവാർ കോസ്റ്റൽ പൊലീസിലെ ജയരാജ്, ഷെറിൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വെള്ളം കുടിച്ച് അവശനിലയിലായ കുട്ടിയെ ലൈഫ് ഗാർഡുമാർ ഫസ്റ്റ് എയ്ഡ് നൽകിയശേഷം രക്ഷിതാക്കൾക്ക് കൈമാറി. കുട്ടിയുടെ ആരോഗ്യസ്ഥിതി പൂർവസ്ഥിതിയിലായതിന് ശേഷം ഇവർ തീരം വിട്ടു.

നിയന്ത്രണം ശക്തമാക്കി

പൂവാർ പൊഴിക്കര ബീച്ചിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. മഴയും കാറ്റും കാരണം ശക്തമായ തിരയിളക്കമുള്ളതിനാൽ സ്വദേശ - വിദേശ ടൂറിസ്റ്റുകൾ കടലിൽ ഇറങ്ങാൻ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.