dra

വെഞ്ഞാറമൂട്: ഡ്രാഗൺ ഫ്രൂട്ട് കൃഷിയെക്കുറിച്ചറിയാൻ ഭരതന്നൂരിലെത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സ്വീകരണമൊരുക്കി കർഷകർ.പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാൽ പ്രദേശത്തെ ജെ.വിജയൻ,രത്നാകരൻപിള്ള തുടങ്ങിയവരുടെ തോട്ടങ്ങളാണ് മന്ത്രി സന്ദർശിച്ചത്. കുറച്ച് നാൾ മുൻപ് ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗത്തിൽ വച്ചാണ് രത്നാകരൻ പിള്ള ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ സാദ്ധ്യതകളെക്കുറിച്ചും ലാഭകരമാണെന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഈ പ്രദേശത്തെക്കുറിച്ച് ഡി.കെ. മുരളി എം.എൽ.എയോട് ചോദിച്ചറിഞ്ഞ മന്ത്രി ഇവിടെ സൗകര്യം പോലെ ഒരു ദിവസം വരാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ സന്ദർശിച്ചത്. ഡ്രാഗൺ ഫ്രൂട്ട് കൃഷിയെക്കുറിച്ച് നേരിൽക്കണ്ട് മനസിലാക്കിയ അദ്ദേഹം അതിന്റെ വിപണന സാദ്ധ്യതകളും മനസിലാക്കി. തുടർന്ന് കർഷകസംഘം ഭരതന്നൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കർഷക സംവാദം മന്ത്രി ഉദ്ഘാടനം ചെയ്തു. ഡ്രാഗൺ ഫ്രൂട്ടിന്റെ പൈലറ്റ് പ്രോജക്ട് പ്രദേശമാക്കി തണ്ണിച്ചാൽ മാറുകയും, ഇവിടം കേന്ദ്രീകരിച്ച് പഴവർഗങ്ങളുടെ ക്ലസ്റ്റർ ആരംഭിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ. സലിം, കരകുളം ബാബു, എൻ.ബാബു, കെ.പി. സന്തോഷ് കുമാർ, എം.എസ്. രാജു,ഇൻഡ്രോയൽ സുഗതൻ,ആർ.കെ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.