
കല്ലമ്പലം: ഉപതിരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിന് വരെ സാദ്ധ്യതയുള്ള നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മരുതികുന്നിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ സ്ഥാനാർത്ഥികളിൽ നാല് പേരും വിജയ പ്രതീക്ഷയിൽ. എൽ.ഡി.എഫിൽ എച്ച്. സവാദും, യു.ഡി.എഫിൽ ബി.രാമചന്ദ്രനും, ബി.ജെ.പിയിൽ ഐ.ആർ. രാജീവും, എസ്.ഡി.പി.ഐയിൽ എം.നസീറുദ്ദീനുമാണ് മത്സരിക്കുന്നത്. പ്രചാരണം കൊഴുപ്പിക്കാൻ പാർട്ടി നേതാക്കൾ വാർഡ് സന്ദർശിക്കുന്നുണ്ട്.
17നാണ് തിരഞ്ഞെടുപ്പ്.നിലവിലെ സി.പി.എം അംഗം എസ്. സഫറുള്ള പീഡനക്കേസിൽ അറസ്റ്റിലായി അംഗത്വം രാജിവച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതോടെ സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിനും, സി.പി.എമ്മിനും സീറ്റുകൾ തുല്യമായി. അതിനാൽ ഈ തിരഞ്ഞെടുപ്പ് ഇരുകക്ഷികൾക്കും നിർണായകമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ സഫറുള്ള വിജയിച്ചത്. എസ്.ഡി.പി.ഐയായിരുന്നു രണ്ടാം സ്ഥാനത്ത്. ബി.ജെ.പി മൂന്നാമതും. കോൺഗ്രസ് ഇവിടെ നാലാമതായി. അതുകൊണ്ടുതന്നെ കോൺഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമായി.സഫറുള്ളയുടെ രാജിക്കും ഉപതിരഞ്ഞെടുപ്പിനും മുറവിളി കൂട്ടിയ കോൺഗ്രസ് ഏതു വിധേനയും ഇക്കുറി ജയിച്ച് പഞ്ചായത്ത് തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലാണ്. 5 സീറ്റുകളുള്ള ബി.ജെ.പിയാകട്ടെ അംഗബലം കൂട്ടാനുള്ള പരിശ്രമത്തിലാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 30 വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തിയ എസ്.ഡി.പി.ഐ ഇത്തവണ വാർഡ് തുണയ്ക്കും എന്ന പ്രതീക്ഷയിലാണ്. എസ്.ഡി.പി ജയിച്ചാൽ കോൺഗ്രസിന് ഭരണം പിടിക്കാനുള്ള അവസരവും സി.പി.എമ്മിന് ഭരണം പോകാതെ നിലനിറുത്താനുള്ള അവസരവും നഷ്ടമാകും. ബി.ജെ.പിയേയൊ, എസ്.ഡി.പിയേയൊ കൂടെ കൂട്ടാതെ സി.പി.എമ്മിന് ഭരിക്കാനാവില്ല.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ എൽ.ഡി.എഫിലെ എച്ച്.സവാദ് നിലവിൽ പ്രവാസി സംഘം കിളിമാനൂർ ഏരിയാ കമ്മിറ്റി,എൻ.ആർ.ഇ.ജി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി എന്നിവയിൽ അംഗമാണ്. 1995ൽ വിദേശത്ത് പോയ ഇദ്ദേഹം കഴിഞ്ഞ 5 വർഷമായി പാർട്ടിയിൽ സജീവമാണ്. വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ എന്നിവയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥി ബി. രാമചന്ദ്രൻ 10 വർഷം മുൻപ് ഇതേ വാർഡിൽ മത്സരിച്ചിട്ടുണ്ട്. അന്ന് 3 വോട്ടിന് പരാജയപ്പെട്ടു.10വർഷം വിദേശത്തായിരുന്നു. 20 വർഷമായി നാട്ടിലുണ്ട്.പാർട്ടിയിലെ സജീവ പ്രവർത്തകനാണ്.കോൺഗ്രസ് കുടവൂർ മണ്ഡലം വൈസ് പ്രസിഡന്റ്,നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
22 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമായ ബി.ജെ.പി സ്ഥാനാർത്ഥി ഐ.ആർ. രാജീവ് കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടായിരുന്നു. അന്ന്‍ 380 വോട്ടുകൾ നേടി കോൺഗ്രസിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. നിലവിൽ ബി.ജെ.പി നാവായിക്കുളം മണ്ഡലം സെക്രട്ടറിയാണ്.
എസ്.ഡി.പി.ഐ സ്ഥാനാർത്ഥി എം. നസീറുദ്ദീൻ പാർട്ടി വർക്കല മണ്ഡലം സെക്രട്ടറിയാണ്. കെ റെയിൽ വിരുദ്ധ സമിതി കൺവീനർ, പൊതു പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.