ponganadbook

തിരുവനന്തപുരം: എഴുപതുകളിൽ കേരളത്തിൽ വീശിയടിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി കിളിമാനൂർ നഗരൂർ കുമ്മിളിലുണ്ടായ നക്‌സലാക്രമണത്തിന്റെയും നേർചിത്രം നോവലിലൂടെ പുനരാവിഷ്‌കരിച്ച് എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ഷാനവാസ് പോങ്ങനാട്. ഷാനവാസിന്റെ ഏറ്റവും പുതിയ നോവലായ 'നിലംതൊട്ട നക്ഷത്രങ്ങൾ" ആണ് കിളിമാനൂർ കുമ്മിൾ കേസിന്റെ ചരിത്രപശ്ചാത്തലം വിവരിക്കുന്നത്. ഇതിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം പ്രസ് ക്ലബിൽ ഡോ. ജോർജ് ഓണക്കൂർ കേരള സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജിന് നൽകി പ്രകാശനം ചെയ്യും. മെലിൻഡ ബുക്സ് ആണ് പ്രസാധകർ. 1970 നവംബർ 15ന് നാലിടങ്ങളിൽ ഒരേ സമയം നക്സലൈറ്റ് ആക്രമണമുണ്ടായതാണ് നഗരൂർ - കുമ്മിൾ കേസ്. നഗരൂരിലെ ജ്യോതിമഠം, കുറിയേടത്ത് മഠം, പാപ്പാല വാഴമൂല പദ്നാഭൻ മുതലാളിയുടെ വീട്, കുമ്മിൾ ശങ്കരനാരായണയ്യരുടെ ചാന്നാട്ടുമുക്ക് മഠം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ജ്യോതിമഠത്തിൽ കേശവൻ പോറ്റിയും കുറിയേടത്ത് മഠത്തിൽ ഗോപാലകൃഷ്ണൻ പോറ്റിയും വെട്ടേറ്റു മരിച്ചു. കുമ്മിൾ ശങ്കരനാരായണയ്യരുടെ തലവെട്ടി ദൂരെ റോഡരികിൽ പ്രതിഷ്ഠിച്ചു. മഠത്തിലെ ജോലിക്കാരൻ ഉത്തമൻപിള്ളയും ആക്രമണത്തിൽ മരിച്ചു. ചരിത്രവും ഭാവനയും ഇഴചേർത്തുള്ള നോവലിൽ അന്നത്തെ രാഷ്ട്രീയ സാഹചര്യവും നക്‌സലാക്രമണത്തിന് ശേഷമുണ്ടായ പൊലീസ് നരനായാട്ടുമെല്ലാം വിവരിക്കുന്നുണ്ട്.