
നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി അഘോഷങ്ങൾ 14 മുതൽ 17വരെ നടക്കും.
ദേവസഹായം പിള്ളയുടെ സ്മരണയ്ക്കായി നടത്തുന്ന രക്തദാന നേർച്ചയുടെ ഉദ്ഘാടനം 14ന് രാവിലെ 8.30ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി. ക്രിസ്തുദാസ് നിർവഹിക്കും. വൈകിട്ട് 5.30ന് ഇടവക വികാരി ഫാ.ജോയ് മത്യാസ് കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ സി. ജോസഫ് മുഖ്യകാർമ്മികത്വം വഹിക്കുന്ന സമൂഹ ദിവ്യബലി.
വിശുദ്ധ പദവി പ്രഖ്യാപന ദിനമായ ഞായറാഴ്ച രാവിലെ 8.30ന് കൊല്ലം മുൻ ബിഷപ്പ് സ്റ്റാൻലി റോമന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും. അതേസമയം തന്നെ തിരുവനന്തപുരത്തെ പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ ദേവാലയത്തിൽ നിന്ന് ദേവസഹായംപിള്ളയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ച് കൊണ്ടുള്ള വാഹന പ്രദക്ഷിണത്തിനും തുടക്കമാവും. വൈകിട്ട് 5ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് റൂഫസ് പയസും തിങ്കളാഴ്ച വൈകിട്ട് 6ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് ഫാ.ലെനിൽ ഫെർണാണ്ടസും മുഖ്യകാർമ്മികത്വം വഹിക്കും.
തിരുനാളിന്റെ സമാപന ദിനമായ ചൊവ്വാഴ്ച രാവിലെ 10ന് നടക്കുന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജോയി മത്യാസ് മുഖ്യ കാർമ്മികത്വം വഹിക്കും. വൈകിട്ട് 5ന് ദേവസഹായം പിളളയുടെ തിരുസ്വരൂപവും വഹിച്ച് കൊണ്ടുള്ള പ്രദക്ഷിണം, വൈകിട്ട് 6ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി എന്നിവയുമുണ്ടാകും. വൈകിട്ട് 7.30ന് നടക്കുന്ന പൊതുസമ്മേളനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.