
തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐ.പി.സി 124-എ സുപ്രീംകോടതി മരവിപ്പിച്ചെങ്കിലും, ഇതിനൊപ്പം ചുമത്തിയ യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം പ്രതികൾ വിചാരണ നേരിടേണ്ടിവരും.
രാജ്യദ്രോഹം ഒഴികെയുള്ള കുറ്റങ്ങൾ പ്രതികൾക്കുമേൽ നിലനിൽക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ ഇരുപതോളം രാജ്യദ്രോഹക്കേസുകളിലും യു.എ.പി.എ ചുമത്തിയിട്ടുണ്ട്. മാവോയിസ്റ്റുകൾക്കെതിരെയാണ് കേസുകളേറെയും. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, സായുധ വിപ്ലവത്തിന് ആഹ്വാനം, കള്ളനോട്ടടിക്കൽ, സായുധപരിശീലനം, ആയുധശേഖരണം തുടങ്ങിയ കേസുകളിലും രാജ്യദ്രോഹത്തിനൊപ്പം യു.എ.പി.എയുമുണ്ട്.
യു.എ.പി.എയും ദുരുപയോഗിക്കുന്നുണ്ട്. സർക്കാരിനും പൊലീസിനും എതിരേ പോസ്റ്റർ ഒട്ടിച്ചതിന് യു.എ.പി.എ ചുമത്തി കേരള പൊലീസ് വിവാദത്തിലായിട്ടുണ്ട്. കോഴിക്കോട്ടെ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ നിലനിൽക്കില്ലെന്നും ഭീകരസംഘടനയെ പിന്തുണച്ചാലും, അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കുറ്റകൃത്യങ്ങളിലേ യു.എ.പി.എ ചുമത്താവൂ എന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പത്തുവർഷം തടവും പിഴയുമാണ് ശിക്ഷ. മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്നു കേസുകളിൽ യു.എ.പി.എയും രാജ്യദ്രോഹവും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരൻ കമാൽ ചവറയ്ക്കും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സാമൂഹ്യപ്രവർത്തകൻ നാദിറിനുമെതിരേ യു.എ.പി.എ ചുമത്തിയത് റദ്ദാക്കി. പൊതുപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരായ 42കേസുകളിലും യു.എ.പി.എ റദ്ദാക്കി. പൊലീസിന്റെ ദുരുപയോഗം കണ്ടതോടെ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ സ്റ്റേഷൻ തലത്തിൽ യു.എ.പി.എ ചുമത്തുന്നത് വിലക്കിയിട്ടുണ്ട്. റിട്ട.ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ നായർ സമിതിയുടെ ശുപാർശയുണ്ടെങ്കിലേ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകൂ. ഒന്നാം പിണറായി സർക്കാരെടുത്ത 145യു.എ.പി.എ കേസുകളിൽ എട്ടെണ്ണത്തിനേ പ്രോസിക്യൂഷൻ അനുമതി കിട്ടിയുള്ളൂ.
165
യു.എ.പി.എ കേസുകൾ 2011-2016ൽ
145
കേസുകൾ 2016-2021ൽ
22
കേസുകൾ ആശയപ്രചാരണത്തിന്