
തിരുവനന്തപുരം: കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതൃത്വത്തെ ധിക്കരിച്ച് പങ്കെടുത്തിട്ടും പുറത്താകാതിരുന്ന പ്രൊഫ. കെ.വി. തോമസ് ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്വയം രക്തസാക്ഷിയാകാനുറച്ചതോടെ പുറത്തേക്കുള്ള വഴി തുറന്നു. തൃക്കാക്കര പ്രശ്നത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കാനാവില്ല. എന്നാൽ, തോമസ് ഉയർത്തിയ വെല്ലുവിളികൾ തിരഞ്ഞെടുപ്പിൽ അടിയൊഴുക്കായി മാറാതിരിക്കാനുള്ള കരുതലോടെയാകും നേതൃത്വം നീങ്ങുക. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തപ്പോൾ തന്നെ തോമസ് കോൺഗ്രസുകാരനല്ലാതായിയെന്നും നേതാക്കളിപ്പോൾ പറയുന്നുണ്ട്.
തൃക്കാക്കരയിൽ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്നാണ് കെ.വി. തോമസിന്റെ പ്രഖ്യാപനം. പ്രചാരണം മൂർദ്ധന്യത്തിലായ വേളയിൽ തോമസ് നടത്തുന്ന നീക്കം പുറമേ ഗൗനിക്കുന്നില്ലെങ്കിലും അതുണ്ടാക്കാവുന്ന
കോട്ടത്തെ കോൺഗ്രസ് അപ്പാടെ അവഗണിക്കുന്നില്ല. രക്തസാക്ഷി പരിവേഷത്തോടെ കോൺഗ്രസ് വിടുക എന്നതാണ് തോമസിന്റെ തന്ത്രം. കണ്ണൂരിലെ സെമിനാറിൽ പങ്കെടുത്തിട്ടും പാർട്ടി നേതൃത്വം പുറത്താക്കാതിരുന്നപ്പോൾ പാളിപ്പോയ നീക്കമാണ് തൃക്കാക്കരയിൽ അദ്ദേഹം മൂർച്ചകൂട്ടിയെടുത്തത്. ദീർഘകാലം എം.പിയും എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമൊക്കെയായിരുന്ന മുതിർന്ന നേതാവിന്റെ നീക്കം എറണാകുളം നഗരമദ്ധ്യത്തിലെ മണ്ഡലത്തിൽ ചലനമുണ്ടാക്കാതിരിക്കില്ലെന്ന് ചിന്തിക്കുന്നവരും കോൺഗ്രസിലുണ്ട്. ലത്തീൻസമുദായാംഗമാണ് തോമസ്. ആ സമുദായത്തെ തൃക്കാക്കരയിൽ പാടേ അവഗണിക്കാനാവില്ല. കൺവെൻഷനിൽ അവഗണനയുടെ 'കയ്പേറിയ അനുഭവങ്ങൾ' പങ്കുവച്ച് സാമുദായികവികാരം ഇളക്കിവിടാൻ അദ്ദേഹം ശ്രമിച്ചേക്കും.
അതിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമം കോൺഗ്രസിൽ നിന്നുമുണ്ടാവും. തോമസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാതെ, അദ്ദേഹം നേടിയ പാർട്ടിപദവികളെക്കുറിച്ചും സ്ഥാനമോഹങ്ങളെക്കുറിച്ചുമെല്ലാം പ്രചാരണം നടത്താനാവും കോൺഗ്രസ് ശ്രമിക്കുക.
വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് രക്തസാക്ഷി പരിവേഷത്തോടെ പുറത്ത് പോകാനായിരുന്നു തോമസിന്റെ ആദ്യനീക്കം. തന്ത്രപൂർവ്വം ഇടപെട്ട ദേശീയനേതൃത്വം ആ നീക്കത്തിന് തടയിട്ടു. എ.ഐ.സി.സിയുടെ അച്ചടക്കസമിതി നിർദ്ദേശപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നെല്ലാം മാറ്റി എ.ഐ.സി.സി അംഗം മാത്രമായി തോമസിനെ നിലനിറുത്തി. ഇതോടെ പാർട്ടിക്കുള്ളിൽ കുറേക്കൂടി ഒതുക്കപ്പെട്ട തോമസാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ വിമതഭീഷണിയുമായി രംഗത്തെത്തിയത്. തൃക്കാക്കരയിൽ എതിർസ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ് അംഗമായി തുടർന്നുകൊണ്ട് പങ്കെടുത്താൽ പാർട്ടിക്ക് നടപടിയെടുക്കാതിരിക്കാനാവില്ലെന്ന് തോമസിനറിയാം.
പ്രവാസി വോട്ടുകൾ ഉമയ്ക്കെന്ന്
പ്രവാസികളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചതിനെതിരായ വിലയിരുത്തൽ കൂടിയാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രസ്താവിച്ചു. ഉപതിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഉറപ്പാക്കും.
മണ്ഡലത്തിൽ പ്രവാസിവോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുണ്ട്. വരും ദിവസങ്ങളിൽ ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. കുടുംബയോഗങ്ങളും നവമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണ പരിപാടികളും നടന്നു വരികയാണെന്ന് ശങ്കരപ്പിള്ള പറഞ്ഞു.
തെളിഞ്ഞത് കോൺഗ്രസ്-സി.പി.എം അന്തർധാര: കെ. സുരേന്ദ്രൻ
കോൺഗ്രസ് ഹൈക്കമാൻഡും സി.പി.എമ്മുമായുള്ള അന്തർധാരയുടെ തെളിവാണ് തൃക്കാക്കരയിലെ കെ.വി. തോമസിന്റെ രംഗപ്രവേശമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സി.പി.എമ്മുമായി വേദിപങ്കിടുന്നതിന് എ.കെ. ആന്റണി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ അനുകൂലമാണ്. അതിനെതിരെ ശബ്ദിക്കാൻ കേരളത്തിലെ കോൺഗ്രസിന് ശേഷിയില്ല. പാർട്ടിയിൽ സ്വാധീനമില്ലാത്തവരാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും. നടപടിയെടുക്കാൻ അധികാരമില്ലാത്ത അവർ രാജിവയ്ക്കണം. ഭീകരവാദികളെ താലോലിക്കുന്ന നിലപാടാണ് ഇരുമുന്നണികൾക്കും. പത്താം ക്ലാസുകാരിയെ മതപണ്ഡിതൻ പരസ്യമായി അധിക്ഷേപിച്ചിട്ടും പൊതുപ്രവർത്തകരോ രാഷ്ട്രീയക്കാരോ പ്രതികരിച്ചില്ല.