
വെഞ്ഞാറമൂട്: ഓട്ടിസവും അന്ധതയും ഇരുട്ടിലാക്കിയ ആരഭി മോൾക്ക് കൈത്താങ്ങായി വെഞ്ഞാറമൂട് ചെറുകോട്ടുകോണത്ത് പ്രവർത്തിക്കുന്ന ഷാന്റി മെമ്മോറിയൽ സോഷ്യൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ.
ചെറുകോട്ടുകോണം സ്വദേശികളായ പ്രഭ കുമാറിന്റെയും ദിവ്യയുടെയും 8 വയസുള്ള മകൾ ആരഭിക്കാണ് ദുരവസ്ഥ.
ജന്മനാ ഓട്ടിസം ബാധിച്ച ഈ കുരുന്നിന് രണ്ട് കണ്ണുകളുടെയും കാഴ്ചശേഷിയും നഷ്ടമായി. നിത്യചെലവിന് തന്നെ ബുദ്ധിമുട്ടുന്ന കൂലിപ്പണിക്കാരനായ പ്രഭകുമാറിന് താങ്ങാവുന്നതിനപ്പുറമായിരുന്നു ആരഭിയുടെ ചികിത്സാചെലവുകൾ.
ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ കിട്ടുമെന്ന് ഡോക്ടർമാർ നിർദേശിച്ചതിൻ പ്രകാരം സുമനസുകളുടെ സഹായം തേടുകയാണ് ഈ നിർദ്ധന കുടുംബം. ഇവരുടെ ദുരവസ്ഥ നേരിൽക്കണ്ട് മനസിലാക്കിയ ഷാന്റി മെമ്മോറിയൽ സോഷ്യൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ 56500രൂപ സമാഹരിച്ച് ആരഭിയുടെ കുടുംബത്തിന് കൈമാറി. ഫൗണ്ടേഷൻ അംഗങ്ങളായ നാസർ,ജിനേഷ് ബാലകൃഷ്ണൻ, ബിജു ഷിബിൻ, ദിനൂപ്, ഷിതിൻ, ഉണ്ണി, വിമൽ, മനോജ് എന്നിവർ പങ്കെടുത്തു.