
തിരുവനന്തപുരം: നികുതിവെട്ടിപ്പിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമോപദേശം നഗരസഭയ്‌ക്ക് ലഭിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ നന്ദകുമാർ മേനോനാണ് നിയമോപദേശം നൽകിയത്. കുറ്രക്കാരായ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് തുക പിടിക്കുന്നതിൽ തടസമുണ്ടോ, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിൽ എന്ത് നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് നഗരസഭ നിയമോപദേശം തേടിയത്. അടുത്ത കൗൺസിൽ യോഗത്തിൽ നിയമോപദേശം വയ്‌ക്കാനാണ് ഭരണസമിതിയുടെ തീരുമാനം. കൗൺസിൽ യോഗത്തിന് ശേഷം നഗരസഭയുടെ റിപ്പോർട്ട് തുടർ നടപടികൾക്കായി തദ്ദേശവകുപ്പ് ഡയറക്‌ടറേറ്റിലേക്ക് അയയ്ക്കും. നിയമോപദേശം ലഭിച്ചെന്ന് നഗരസഭ സെക്രട്ടറി കേരളകൗമുദിയോട് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം,നികുതി വെട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ ഉൾപ്പെടെ കുറ്റക്കാരനാക്കി ആദ്യം നിയോഗിച്ച അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചത് വിവാദമായിരുന്നു. കേരളകൗമുദിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്. തുടർന്ന് കൗൺസിൽ യോഗത്തിലുണ്ടായ ബഹളത്തിന് പിന്നാലെയാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. നികുതി വെട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ട് കൗൺസിലിൽ വയ്‌ക്കാനിരിക്കെ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ തിരികെ സർവീസിലെടുക്കാൻ നീക്കമുണ്ടെന്നാണ് പ്രതിപക്ഷ വിമർശനം. പണം പിഴയായി ഈടാക്കി കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാകും നടക്കുകയെന്നും ആക്ഷേപമുണ്ട്. നേമം മേഖലാ ഓഫീസിൽ 26.75 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥയെ അടക്കം അതേസ്ഥലത്ത് നിയമിക്കാൻ നീക്കമുണ്ടെന്നും ബി.ജെ.പി അംഗങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ അടുത്ത കൗൺസിൽ യോഗം നിർണായകമാകും.
അക്കൗണ്ട്സ് ഓഫീസർ രക്ഷപ്പെടും?
നികുതി വെട്ടിപ്പിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമ്പോഴും നഗരസഭയിലെ അക്കൗണ്ട്‌സ് വിഭാഗത്തിലെ ഉന്നതർ കേസിൽ നിന്ന് ഊരിപ്പോകുമെന്ന് ആക്ഷേപം. ഇത്രയും വലിയൊരു നികുതി തട്ടിപ്പ് നഗരസഭയുടെ കീഴിലുള്ള വിവിധ സോണൽ ഓഫീസുകളിൽ നടന്നിട്ടും അക്കൗണ്ട്‌സ് ഓഫീസർ ഇതൊന്നും അറിഞ്ഞിരുന്നില്ല. നികുതി ഇടപാടുകൾ അടക്കം പരിശോധിക്കുന്നതിൽ അക്കൗണ്ട്‌സ് ഓഫീസറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയാണുണ്ടായത്. അതിനുപിന്നാലെയാണ് കുറ്റക്കാരായ അക്കൗണ്ട്‌സ് വിഭാഗം തന്നെ അന്വേഷണം നടത്തി നിരപരാധികളായ ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിച്ചത്.