
തിരുവനന്തപുരം: റേഷൻകടകളുടെ സ്ഥാനത്ത് കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകൾ വരുന്നു. റേഷനരി വാങ്ങുന്നതിനൊപ്പം പാലും പലവ്യഞ്ജനവും വാങ്ങാം. ഇലക്ട്രിസിറ്റി ബില്ലും വാട്ടർ ബില്ലും അടയ്ക്കാം. മിനി എ.ടി.എമ്മിൽ നിന്ന് പണവും എടുക്കാം. സപ്ലൈകോ ഔട്ട്‌ലെറ്റ്, റേഷൻ കട, മിൽമ ബൂത്ത്, ഇ-സേവനങ്ങൾ, മിനി എ.ടി.എം തുടങ്ങിയവയെല്ലാം ചേർന്നൊരു സ്മാർട്ട് ഷോപ്പിംഗ് സെന്റർ സർക്കാരിന്റെ ഉടമസ്ഥതയിൽ. നേരത്തെ ആലോചിച്ചിരുന്ന സ്മാർട്ട് റേഷൻ കടയാണ് കൂടുതൽ വിപുലമായ രീതിയിൽ നിലവിൽവരുന്നത്. പേര്: കേരള സ്റ്റോർ (കെ-സ്റ്റോർ). പ്രാരംഭപ്രവർത്തനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് അടുത്ത മാസം ആരംഭിക്കും.
ഇപ്പോൾ 50 മുതൽ 200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള റേഷൻ കടകളാണുള്ളത്. അത് 350 മുതൽ 500 ചതുരശ്രഅടി വരെ വലിപ്പത്തിലാക്കി കേരള സ്റ്റോറുകളാക്കും. രണ്ടാം ഘട്ടത്തിൽ കേരള സ്റ്റോറുകളെ 1000 ചതുരശ്ര അടിക്ക് മുകളിലുള്ള ഷോപ്പിംഗ് സെന്ററുകളാക്കി ഉയർത്തും. ആദ്യഘട്ടത്തിൽ ആയിരം സ്റ്റോറുകളാണ് തുറക്കുന്നത്. മുൻഗണന ഗ്രാമ പ്രദേശങ്ങളിലുള്ള റേഷൻകട ലൈസൻസികൾക്കായിരിക്കും. കട വിപുലപ്പെടുത്തുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സർക്കാർ ലഭ്യമാക്കും. വ്യാപാരികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും.
കെ-സ്റ്റോറിൽ 6 സേവനങ്ങൾ
1 റേഷൻകട: അരി, ആട്ട ഉൾപ്പെടെയുള്ള സാധനങ്ങൾ
2 സപ്ലൈകോ സെന്റർ: സബ്സിഡി നിരക്കിൽ പലവ്യഞ്ജനങ്ങളും ശബരി ഉത്പന്നങ്ങളും
3 പാചക വാതകം: 5 കിലോ ചോട്ടുഗ്യാസ്
4 മിൽമ ബൂത്ത്: പാൽ, പാലുത്പന്നങ്ങൾ
5 യൂട്ടിലിറ്റി സെന്റർ: ടെലിഫോൺ, വാട്ടർ ബില്ലുകൾ അടയ്ക്കാം. സർക്കാർ സേവനങ്ങൾക്ക് അപേക്ഷകൾ
6 മിനി എ.ടി.എം: അക്കൗണ്ടിൽ നിന്ന് 5000 രൂപവരെ പിൻവലിക്കാം
''കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോടെയാണ് കെ-സ്റ്റോറുകൾ ആരംഭിക്കുന്നത്. ഗ്രാമീണർക്കായിരിക്കും കൂടുതൽ പ്രയോജനം ലഭിക്കുക''-
ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി