
നെയ്യാറ്റിൻകര: റസൽപുരം കരക്കാട്ടുവിള പുത്തൻവീട്ടിൽ പരേതനായ നെൽസന്റെയും നിർമലയുടെയും മകൻ കുട്ടൻ എന്ന ഷിജുവിന്റെ (32) മൃതദേഹം കഴിഞ്ഞ 3ന് നെയ്യാറിലെ കന്നിപ്പുറം കടവിൽകണ്ട സംഭവം കൊലപാതകം. രണ്ടുപേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു. മാരായമുട്ടം തത്തിയൂർ അക്വാഡെക്റ്റിന് സമീപം വട്ടംതല റോഡരികത്ത് പുത്തൻവീട്ടിൽ ഷിജിൻ (29), തോട്ടത്തുമേലേ പുത്തൻവീട്ടിൽ മോഹനകുമാർ (36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കെട്ടിട നിർമ്മാണത്തൊഴിലാളിയായിരുന്ന ഷിജു അവിവാഹിതനായിരുന്നു. ഷിജിനും മോഹനകുമാറും കൂലിപ്പണിക്കാരാണ്.
നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷന് സമീപത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവച്ച് ഷിജുവും പ്രതികളും ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരുമിച്ച് മദ്യപിച്ച ശേഷം, ഷിജുവിന്റെ പങ്ക് കാശ് നൽകാൻ അയാൾ തയ്യാറാകാത്തതിനെ തുടർന്ന്, ഇരു പ്രതികളും ചേർന്ന് ഷിജുവിനെ മർദ്ദിച്ചു. ഷിജുവിന്റെ കൈവശമുണ്ടായിരുന്ന കാശും ഫോണും പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്ന് പ്രാണരക്ഷാർത്ഥം ഓടിയ ഷിജുവിനെ സമീപത്ത് നെയ്യാറിലേക്ക് തളളിയിടുകയായിരുന്നു. മൃതദേഹം കണ്ടുകിട്ടുമ്പോൾ 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. സംഭവസമയം, ഷിജുവിന്റെ പക്കൽ പതിനായിരത്തോളം രൂപയുണ്ടായിരുന്നതായും സംഭവത്തിൽ ദുരൂഹതയുളളതായും ബന്ധുക്കൾ നെയ്യാറ്റിൻകര പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിന് രണ്ടുദിവസം മുമ്പ്, യുവാവിനെ കാണാതായതായി ബന്ധുക്കൾ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവിന്റെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും മഞ്ചവിളാകത്തിന് സമീപംവച്ച് ഫോൺ സ്വിച്ച്ഓഫ് ആയതായി കണ്ടെത്തിയതും പിറ്റേദിവസം ഷിജുവിന്റെ ബൈക്ക് നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷന് സമീപം കണ്ടതും കേസിന് തെളിവായി. ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി എസ്. ശ്രീകാന്ത്, എസ്.എച്ച്.ഒ സാഗർ, എസ്.ഐമാരായ സജീവ് ആർ, സാജൻ, എ.എസ്.ഐമാരായ ജയേഷ്, ബിജു, സന്തോഷ് കുമാർ, സി.പി.ഒമാരായ ബിനോയ്, ജസ്റ്റിൻ, പ്രശാന്ത്, രതീഷ്, മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.